പ്രതിപക്ഷത്തിന്റെ രണ്ടാം വിമോചന സമരമെന്ന മോഹം പൊളിഞ്ഞു പാളീസായി

വിമോചന സമരമെന്ന പേരിൽ കേരളം കണ്ട ഏറ്റവും വിധ്വംസകവും പിന്തിരിപ്പനുമായ അട്ടിമറി സമരത്തിനൊടുവിൽ ഒന്നാം ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട ജനാധിപത്യധ്വംസനം വീണ്ടും അരങ്ങേറാൻ നടത്തിയ പ്രതിപക്ഷ ശ്രമം പൊളിഞ്ഞു പാളീസായി .

സ്വപ്നയെ ഇറക്കി നടത്തിയ നാടകമാണ് എട്ടു നിലയിൽ പൊട്ടിയത് . അന്നത്തെ ചരിത്രം പരിശോധിച്ചാൽ  ഇഎംഎസ് സർക്കാർ കൈക്കൊണ്ട ജനോപകാരപ്രദമായ പല നടപടികളും അന്നത്തെ ജാതി-മത സംഘടനകളെയും, ഭൂപ്രഭുക്കന്മാരുടെയും ജന്മിമാരുടെയും പാർടിയായിരുന്ന കോൺഗ്രസിൻ്റെ ഉറക്കം കെടുത്തിയിരുന്നു.

ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളെ ഇന്ത്യയും ലോകവും ആശ്ചര്യത്തോടെയാണ് ഉറ്റുനോക്കിയത്. സർക്കാർ കൊണ്ടുവന്ന കാർഷിക ബന്ധ ബില്ലിനെതിരായിരുന്ന ജന്മിമാരും വിദ്യാഭ്യാസബില്ലിന്റെ പേരിൽ ജാതി-മത പ്രമാണിമാരും “വിമോചന സമരം” നയിക്കുന്നതിലേക്കാണെത്തിയത്. ഇതിന് കോൺഗ്രസ് നേതൃത്വം പൂർണ പിന്തുണ നൽകി.

സർക്കാരിനൊപ്പമുണ്ടായിരുന്ന സ്വതന്ത്ര എംഎൽഎമാരെ കൂറുമാറ്റാനുള്ള കോൺഗ്രസിൻ്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് സർക്കാരിനെ അട്ടിമറിക്കാനായി കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന ദേവികുളം സീറ്റ് പിടിച്ചെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമവും പരാജയപ്പെട്ടതോടെ വിമോചനസമരമെന്ന പേരിൽ അക്രമാസക്തമായ സമരം അവർ ആരംഭിക്കുകയായിരുന്നു. ഇതിനനുകൂലമായി പത്ര മാധ്യമങ്ങളും കൈമെയ് മറന്ന് പ്രവർത്തിച്ച് അതിക്രമങ്ങൾക്ക് പ്രേരണനൽകി, പ്രക്ഷോഭം പലയിടത്തും അതിരുവിട്ടു.

1959 ജൂലൈ 31ന് കേന്ദ്രം ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് മന്ത്രിസഭയെ പിരിച്ചുവിട്ടു. അപ്പോഴും നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷമുണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന് തീരാക്കളങ്കം ചാർത്തിയ ദിനമായിരുന്നു .

കേരളത്തിലെ ഭൂമിക്കവകാശികളായ മഹാഭൂരിപക്ഷത്തെ ലക്ഷം വീടുകളിലും രണ്ടുസെന്റ് കോളനികളിലും ഒതുക്കിയിടാനും മറ്റൊരു വിഭാഗത്തെ ഭൂരഹിതരായി നിലനിർത്താനും കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഒരു ഒരുവശം. വിമോചനസമരമെന്ന അട്ടിമറി സമരത്തിന്റെ കണക്കെടുത്താൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും കാണാനാവുക.

1957ലെ സർക്കാരിന്റെ ജനോപകാരപ്രദങ്ങളായ നിയമങ്ങളുടെ തുടർച്ചയായി പിണറായി സർക്കാർ ഏറ്റെടുക്കുന്ന ദീർഘദൃഷ്ടിയുള്ള നടപടികളോട് യുഡിഎഫ്‐ബിജെപി കൂട്ടുകെട്ടും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമ മേലാളന്മാരും തികഞ്ഞ അസഹിഷ്‌ണുത കാണിക്കുകയാണ്.

“വിമോചനസമ”’ കാലയളവിലെന്നവണ്ണം അസത്യങ്ങളും അർധ സത്യങ്ങളും തുടർച്ചയായി എഴുന്നള്ളിക്കുകയും ചെയ്യുന്നു. 1959 ജൂലൈ 31ൽ നടന്ന കേരളചരിത്രത്തിലെ ഏറ്റവും ഭയാനകമായ ജനാധിപത്യ അട്ടിമറി, വീണ്ടും ആവർത്തിക്കാമെന്നാണ് ഇവരുടെ വ്യാമോഹം .

കോർപ്പറേറ്റുകളുടേയും വർഗീയകക്ഷികളുടേയും പിന്തിരിപ്പന്മാരുടെയും കേന്ദ്രഭരണ കക്ഷിയുടെയും കൂട്ടുമുന്നണിയുടെ കുഴലൂത്താണ് കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഉദാരവൽക്കരണത്തിന്റെ ഈ കാലത്ത് സാമൂഹ്യ സുരക്ഷാ മേഖലയിലും അടിസ്ഥാന വികസന മേഖലയിലും ഒരുപോലെ മുന്നേറുന്ന ഒരു ഇടതുപക്ഷ ബദൽ ഭരണ സംവിധാനത്തെ വച്ചുപൊറുപ്പിക്കില്ല എന്ന ധാർഷ്ട്യമാണ് അവരെ നയിക്കുന്നത്.

ഇതുമൂലം കേരളത്തിൽ ഇടതുപക്ഷം പിന്നോട്ട് പോയാൽ ആർക്കാണ് നഷ്ടം എന്ന് ചിന്തിക്കണം .
ആട്ടിമറിക്കപ്പെട്ടെങ്കിലും ഒന്നാം ജനകീയ സര്‍ക്കാരിന്റെ നേരും നന്മകളും ഇന്നും കേരളം അനുഭവിക്കുന്നു. കേരളത്തിന്റെ അനന്യമായ സാമൂഹ്യപുരോഗതിയെ അട്ടിമറിക്കാന്‍ പിന്നീട് ഓരോ ഘട്ടത്തിലും വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചെങ്കിലും ഇന്ന് കാണുന്ന കേരളം നിലനില്‍ക്കുന്നത് ആദ്യ മന്ത്രിസഭയുടെ അടിത്തറയില്‍ത്തന്നെയാണ്.

നാടിന്റെ വികസനവും, ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കി മുന്നേറുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിനെതിരായി പ്രതിലോമ-വർഗ്ഗീയ- ജനാധിപത്യവിരുദ്ധ ശക്തികളെ അണിനിരത്തി രണ്ടാം വിമോചനസമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംഘടിത നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ഇവിടുത്തെ ഈ ജനാധിപത്യ മതേതര വിശ്വാസികൾ മുന്നോട്ട് വരണം .

Video Link

https://youtu.be/uzRqiJaATP0

Leave A Reply