കരിപ്പൂരിൽ വൻ സ്വർണവേട്ട; 85.64 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 85.64 ലക്ഷത്തിന്‍റെ സ്വർണം പിടിച്ചെടുത്തു. കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗമാണ് രണ്ട് യാത്രക്കാരിൽനിന്നുമായി 1656.4 ഗ്രാം പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് ശരീരത്തിലൊളിപ്പിച്ച 748 ഗ്രാമാണ് ലഭിച്ചത്. ഇതിൽനിന്ന് 664.9 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

ജിദ്ദയിൽ നിന്നും ഇൻഡിഗോയുടെ വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയിൽനിന്ന് 1071 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചെടുത്തത്. ഇതിൽനിന്ന് 991.5 ഗ്രാം വേർതിരിച്ചെടുത്തു. ഇരുവരും ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. സൂപ്രണ്ടുമാരായ എം. പ്രകാശ്, കപിൽദേവ് സുരീര, ഹർഷിത് തിവാരി, ഇൻസ്പെക്ടർ എം. സന്തോഷ് കുമാർ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave A Reply