കടലിന്റെ അടിത്തട്ടില്‍ എത്താന്‍ ഓഷന്‍വണ്‍ കെ റോബോട്ട്

കടലിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ക്ക് എത്തിപ്പെടാനാകാത്ത ഇടങ്ങളിലുള്ള കപ്പല്‍, വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള ഹ്യൂമനോയിഡ് റോബോട്ടിന് രൂപം നല്‍കി കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍.

ഓഷന്‍വണ്‍ കെ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ വിദൂരത്ത് നിന്ന് നിയന്ത്രിക്കാനാകും. റോബോട്ടിനെ നിയന്ത്രിക്കുന്നയാള്‍ ‘ വെര്‍ച്വല്‍ ഡൈവര്‍ ‘ എന്നാണ് അറിയപ്പെടുക. കടലിനടിയില്‍ സ്വയം പര്യവേക്ഷണം നടത്തുന്ന പോലൊരു വെര്‍ച്വല്‍ പ്രതീതീയാണ് നിയന്ത്രിക്കുന്ന ആള്‍ക്ക് ലഭിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ യഥാസമയം റോബോട്ട് കൈമാറുകയും ചെയ്യും.

റോബോട്ടിന്റെ കൃത്രിമ കൈകളില്‍ പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റീരിയോസ്‌കോപ്പിക്ക് വിഷന്‍ സാദ്ധ്യമാക്കുന്ന രണ്ട് കണ്ണുകളും ഈ റോബോട്ട് മനുഷ്യനുണ്ട്. ഇവ കമ്പ്യൂട്ടര്‍ ശൃംഖലകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. റോബോട്ട് തന്റെ കൈയ്യില്‍ ഒരു വസ്തുവിനെ എടുത്താല്‍ കൈകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഴ്‌സ് സെന്‍സറുകള്‍ വഴി അതിന്റെ ഭാരം നിയന്ത്രിക്കുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. കടലിനടിയിലെ മര്‍ദ്ദത്തെ ഈ റോബോട്ടിന് അതിജീവിക്കാനാകും.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കടലിനടിയില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച ‘ഓഷന്‍വണ്‍ കെ’ ഇതുവരെ നാല് കപ്പല്‍ അവശിഷ്ടങ്ങളിലും ഒരു വിമാന ശേഷിപ്പിലും പര്യവേക്ഷണം നടത്തി. കടലിലെ അപകടങ്ങളില്‍ തിരച്ചില്‍ നടത്താനും മറ്റും ‘ഓഷന്‍വണ്‍ കെ’യെ ഉപയോഗപ്പെടുത്തിയേക്കാമെന്നാണ് പ്രതീക്ഷ.

Leave A Reply