വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു; ഭർത്താവ് റിമാൻഡിൽ

കല്ലമ്പലം: വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കല്ലമ്പലം പോലീസ് ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയിൽ പൊയ്കവിള വീട്ടിൽ ഷീജ (42) യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കുന്ന ഭർത്താവ് ഹാഷിം (46) ഷീജയെ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി 10000 രൂപ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് മാതാവ് സുബൈദാബീവിയും ബന്ധുക്കളും ആരോപിച്ചു.

വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. വരുന്ന 12 ന് തിരികെ പോകേണ്ടതായിരുന്നു. 8 ദിവസം മുൻപാണ് ഇവരുടെ മൂത്തമകൻ ആഷിക് ദുബായിൽ പോയത്. ഇളയ മകൻ അജ്മൽ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave A Reply