നമ്മള്‍ ഫിറ്റ് ആണെങ്കില്‍ ഗര്‍ഭാവസ്ഥയിലും നമുക്ക് വിശ്രമം ആവശ്യമായി വരില്ല; ആലിയ ഭട്ട്

ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് അമ്മയാകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇതിനിടയിലും സിനിമയില്‍ നിന്ന് കാര്യമായ ഇടവേളയൊന്നും ആലിയ എടുത്തിട്ടില്ല. തന്റെ പുതിയ ചിത്രം ‘ഡാര്‍ലിംഗ്‌സി’ന്റെ പ്രമോഷന്‍ പരിപാടികളില്‍ സജീവവുമാണ് ആലിയ.

കഴിഞ്ഞ ദിവസം ‘ഡാര്‍ലിംഗ്‌സ്’ പ്രമോഷന്‍ പരിപാടിക്കിടെ ഗര്‍ഭിണിയായതിനാല്‍ ആലിയയ്ക്ക് വിശ്രമം ആവശ്യമായി വരുമോ, അങ്ങനെയെങ്കില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലിയയോട് ചോദിച്ചിരുന്നു.

ഇതിന് ആലിയ പറഞ്ഞ മറുപടി ശ്രദ്ധേയമാവുകയാണ്. നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്.

‘നമ്മള്‍ ഫിറ്റ് ആണെങ്കില്‍, ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയിലും നമുക്ക് വിശ്രമം ആവശ്യമായി വരില്ല. ജോലി ചെയ്യുന്നത് എനിക്ക് സമാധാനം നല്‍കുന്നതാണ്. അതെന്റെ പാഷന്‍ ആണ്. എന്റെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാര്‍ജ് ചെയ്യും. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം…’- ആലിയ പറഞ്ഞു.

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ജൂണിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്.

Leave A Reply