മഴക്കാലത്തെ ആരോഗ്യത്തിന് ആപ്പിള്‍ മുതല്‍ തൈര് വരെ…

കാലാവസ്ഥ അനുസരിച്ച് ഭക്ഷണകാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇത് ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കും. പ്രധാനമായും പ്രതിരോധശേഷി മെച്ചപ്പെടുത്താനും അതുവഴി മഴക്കാല രോഗങ്ങളെ ചെറുക്കാനും, പൊതുവില്‍ മഴക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമായിട്ടുള്ള ഭക്ഷണങ്ങളണ് മഴക്കാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ടത്.

സീസണലായി ലഭിക്കുന്ന ആപ്പിള്‍, ഞാവല്‍, പ്ലം, ചെറികള്‍, പീച്ച്, പപ്പായ, പിയേഴ്‌സ്, മാതളം തുടങ്ങി സീസണലായി ലഭിക്കുന്ന പഴങ്ങളെല്ലാം കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ജലാംശം നല്ലരീതിയില്‍ അടങ്ങിയ പഴങ്ങള്‍ അധികം എടുക്കാതിരിക്കുകയും വേണം.

സൂപ്പുകളും ചായയുമെല്ലാം മഴക്കാലത്തിന് ഏറെ അനുയോജ്യമായവയാണ്. ഗ്രീന്‍ ടീ, മസാല ടീ, ഹെര്‍ബ് ടീ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിനൊപ്പം പച്ചക്കറികളോ ഇറച്ചിയോ എല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പുകളും ആരോഗ്യത്തിന് നല്ലതാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനാണ് ഇവയെല്ലാം പ്രയോജനപ്പെടുന്നത്.

കയ്പുള്ള ഭക്ഷണങ്ങള്‍ മഴക്കാലത്തിന് ഏറെ യോജിച്ചതാണ്. കയ്പക്ക, ചില ഹെര്‍ബല്‍ ചായകള്‍ എല്ലാം ഇതിനുദാഹരണമാണ്. ഇവ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കാം. വൈറ്റമിനുകള്‍- ധാതുക്കള്‍ തുടങ്ങി പല അവശ്യഘടകങ്ങളാലും സമ്പന്നമാണിവ.

തൈരും മോരുമെല്ലാം മഴക്കാലത്തിന് അനുയോജ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തന്നെയാണ്. ചിലര്‍ക്ക് ഇക്കാര്യത്തില്‍ സംശയം തോന്നാറുണ്ട്. എന്നാല്‍ ഇവയെല്ലാം മഴക്കാലത്ത് കഴിക്കുന്നത് ഈ കാലാവസ്ഥയില്‍ പൊതുവേ നേരിടുന്ന ദദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കൂടുതല്‍ സഹായകമാവുക. അതേസമയം പാല്‍ ആണെങ്കില്‍ മഴക്കാലത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം മാത്രം കഴിക്കുക.

ഇഞ്ചിയും വെളുത്തുള്ളിയും നമുക്കറിയാം ധാരാളം ഔഷധഗുണങ്ങളുള്ള രണ്ട് വിഭവങ്ങളാണ്. ബാക്ടീരിയ പോലുള്ള സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പോരാടാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. മഴക്കാലത്ത് ഇത്തരം രോഗാണുക്കള്‍ രോഗങ്ങള്‍ കൂടുതലായി പരത്തുന്ന സമയമാണ്. അതിനാല്‍ ഇവയും കാര്യമായി ഡയറ്റിലുള്‍പ്പെടുത്താം.

ഒമേഗ -3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണങ്ങളും മഴക്കാലത്തിന് ഏറെ യോജിച്ചതാണ്. ഇവയ്ക്ക് വിവിധ അണുബാധകള്‍ക്കെതിരെ പോരാടാനുള്ള ശക്തിയുണ്ട് എന്നതിനാലാണിത്. മീന്‍, ചെമ്മീന്‍, ഓയിസ്റ്റര്‍, വാള്‍നട്ട്‌സ്, പിസ്ത, ഫ്‌ലാക്‌സ് സീഡ്‌സ് എന്നിങ്ങനെ പല ഭക്ഷണങ്ങളും ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്.

മഴക്കാലത്ത് പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അത്ര നല്ലതല്ല. ഇലകളും. പച്ചക്കറികള്‍ വേവിച്ച് കഴിക്കുന്നത് ഉചിതവുമാണ്. പച്ചക്കറികള്‍ക്കൊപ്പം തന്നെ ‘പ്രോബയോട്ടിക്‌സ്’ വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളും കാര്യമായി ഡയറ്റിലുള്‍പ്പെടുത്തുക.

വീട്ടില്‍ തന്നെ തയ്യാറാക്കുന്ന പഴച്ചാറുകളും തണുപ്പ് കൂടാതെ മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം പൊതുവില്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് ഏറെ സഹായകമാവുക.

 

Leave A Reply