അച്ഛനെയും അമ്മയെയും കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പ്രണയത്തിൽനിന്ന് പിൻമാറിയ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ കാമുകനും സുഹൃത്തുക്കളും, അച്ഛനെയും അമ്മയെയും കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പൊലീസ് സംഘം പെൺകുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ മൈലാടുതുറയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന തട്ടിക്കൊണ്ടു പോകൽ അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

തഞ്ചാവൂർ ആടുതുറ സ്വദേശി വിഘ്നേശ്വരൻ മൈലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയത്തിലേക്കു വഴിമാറി. എന്നാൽ, ഇയാളുടെ തനിസ്വരൂപം മനസ്സിലാക്കിയതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി.

ഇതോടെ ഭീഷണിയുമായി യുവാവ് രംഗത്തെത്തി. വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നിരവധി തവണ പെൺകുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ, മേലിൽ ശല്യം ചെയ്യില്ലെന്ന് എഴുതിനൽകിയാണ് വിഘ്നേശ്വരൻ കേസിൽനിന്ന് രക്ഷപ്പെട്ടത്.

ഇതിനു തൊട്ടുപിന്നാലെയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. വിഘ്നേശ്വരന്റെ ശല്യം രൂക്ഷമായതോടെ പെൺകുട്ടിയുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുഹൃത്തുക്കളെയും കൂട്ടിയെത്തിയ യുവാവ് നടത്തിയ ‘മിന്നലാക്രമണം’ കൃത്യമായി  ഈ ക്യാമറയിൽ പതിഞ്ഞു.

അയൽവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ദൃശ്യങ്ങളിൽനിന്ന് അക്രമികളെ തിരിച്ചറിഞ്ഞു. തുടർന്ന് രാത്രിയിൽത്തന്നെ പല സംഘങ്ങളായി അന്വേഷണം തുടങ്ങി.

അക്രമിസംഘത്തിൽ വിഴുപ്പുറം സ്വദേശികൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനാൽ ഒരു സംഘം പൊലീസുകാർ അവിടേക്കു നീങ്ങി. സിനിമാ സ്റ്റൈൽ ചേസിങ്ങിനു ശേഷം വിഴുപ്പുറം വിക്രപണ്ഡി ചെക്പോസ്റ്റിനു സമീപം വച്ച് വിഘ്നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന വാൻ പൊലീസ് തടഞ്ഞു. തുടർന്ന് പെൺകുട്ടിയെ മോചിപ്പിച്ചു.

വാഹനത്തിൽനിന്ന് ഇറങ്ങിയോടിയ വിഘ്നേശ്വരനെയും സുഹൃത്തുക്കളായ സുഭാഷ്, സെൽവകുമാർ എന്നിവരെയും പിന്നീട് പൊലീസ് പിടികൂടി. സംഘത്തിൽപ്പെട്ട മറ്റു പതിനൊന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.

Leave A Reply