മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരം; പ്രളയസമാന നീരൊഴുക്ക്

തിരുവനന്തപുരം ∙ തെക്കൻ ആന്ധ്രപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 3 മുതൽ 5 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ, കേരളത്തിന് ആശ്വാസമായി മഴമുന്നറിയിപ്പിൽ മാറ്റം വരുത്തി. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ ഒരിടത്തും റെഡ് അലർട്ടില്ല. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എംസി റോഡിൽ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. ‌ഗര്‍ത്തം വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

വൈദ്യുതി ബോർഡിനു കീഴിലെ 6 അണക്കെട്ടുകളിൽ റെഡ് അലർട്ടുണ്ടെങ്കിലും ഇവ തൽക്കാലം തുറക്കില്ല. തുടർച്ചയായ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത ഏറെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു കടലിൽ തിരമാല 3.3 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നാണു നിർദേശം.

Leave A Reply