യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫെയ്സ് ( യുപിഐ ) വഴിയുള്ള പണമിടപാടുകള്‍ 600 കോടി കടന്നു. ജൂലൈ മാസത്തിലെ മാത്രം കണക്കാണിത്. 2016 ന് ശേഷം ഇത്രയും ഇടപാടുകള്‍ നടക്കുന്നത് ഇതാദ്യമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടികാട്ടി. നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂലായില്‍ 628 കോടി ഇടപാടുകള്‍ നടന്നു. അതായത് 10.62 ലക്ഷം കോടി രൂപയുടെ കൈമാറ്റങ്ങളാണ് നടന്നത്. ജൂണ്‍ മാസത്തില്‍ മാത്രം ഇതിന് ഏഴ് ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 3,134 കോടി രൂപയില്‍ നിന്ന് 2020-21 സാമ്പത്തിക വര്‍ഷമായപ്പോള്‍ 5,554 കോടി രൂപയായി വളര്‍ന്നു. 2022 ഫെബ്രുവരി 28 വരെ മൊത്തം 7422 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നത്.ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി-യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (ഭീം-യുപിഐ) പൗരന്മാരുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് മോഡായി മാറിയിട്ടുണ്ടെന്നാണ് ഐടി മന്ത്രാലത്തിന്റെ വിലയിരുത്തല്‍. കൂടാതെ മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന് വന്നതോടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുമുണ്ട്.
ഫിഷിംഗ്, കീലോഗിംഗ്, സ്പൈവെയര്‍, മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത തട്ടിപ്പുകള്‍ എന്നിവയെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതിനൊപ്പം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ സെക്യൂര്‍ ആക്കുന്ന മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന് സഹായിക്കും. ഉപയോക്താക്കളുടെ സൈബര്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കുന്നതിന് സര്‍ക്കാരും ആര്‍ബിഐയും മികച്ച പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ട്.
കൊവിഡ് സമയത്ത് നിരവധി പേരാണ് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്തിയത്. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് പ്രതിദിനം 100 കോടി ഇടപാടുകള്‍ നടത്തുക എന്നതാണ് യുപിഐയുടെ ലക്ഷ്യം. 2016 ഏപ്രിലിലാണ് യുപിഐ സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന് അവതരിപ്പിച്ചത്. 1949ലെ ബാങ്കിംഗ് റഗുലേഷന് ആക്ട്, 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 2007ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് എന്നിവ അനുസരിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.