സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാ‍ർകോവിലിൽ മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെല്ലാർ കോവിൽ സ്വദേശി രാഹുലാണ് കേസിലെ പ്രതി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ ഷാജി തോമസിനെയാണ് രാഹുൽ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ചെല്ലാ‍ർകോവിലിലെ വീട്ടിൽ വച്ച്  ചൊവ്വാഴ്ച  ഉച്ചക്കാണ് രാഹുൽ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് തലക്കു പുറകിലേറ്റ വെട്ടാണ് മരണകാരണമായത്. രാവിലെ മുതൽ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും അണക്കരയിലെത്തി മദ്യപിച്ചു. സുഹൃത്ത് വീട്ടിലേക്ക് പോയതിനു ശേഷം ഷാജിയും രാഹുലിൻറെ വീട്ടിലെത്തി. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയും സഹോദരനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പരാതി നൽകാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.

തർക്കത്തിനിടെ രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പുപയോഗിച്ച് ഷാജിയെ അടിച്ചു. തിരച്ചാക്രമിക്കാൻ വന്നപ്പോൾ കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. തലക്കു പുറകിൽ അഞ്ചു സെന്‍റീമീറ്റർ വരെ നീളത്തിലുള്ള വെട്ടേറ്റ് നാലു മുറിവുകളുണ്ടായിരുന്നു. ഇതിൽ നിന്നും രക്തം വാർന്നാണ് ഷാജി തോമസ് മരിച്ചത്. കൊലപാതക വിവരം രാഹുൽ തന്നെയാണ് അയൽ വാസികളെ അറിയിച്ചിത്.

ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു.

Leave A Reply