സൂപ്രണ്ടില്ല; പ്രതിസന്ധിയിലായി ജില്ല ആശുപത്രിയുടെ പ്രവർത്തനം

മലപ്പുറം: ജില്ല ആശുപത്രിയിൽ ജൂലൈ 18 മുതൽ സൂപ്രണ്ടോ ചുമതലക്കാരോ ഇല്ലാതായതോടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.സൂപ്രണ്ട് ഇല്ലാതായതോടെ ജില്ല പഞ്ചായത്ത് അനുവദിച്ച കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. പൂർത്തിയാക്കിയ പദ്ധതികളുടെ പണം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. ആശുപത്രിയിൽ പ്രവർത്തിക്കുന്ന രക്തബാങ്കിലെ ജീവനക്കാർക്ക് ഇതുവരെ ജൂലൈയിലെ ശമ്പളം ലഭിച്ചിട്ടില്ല.

രണ്ടു മാസങ്ങളിൽ അടുത്ത മാസം പകുതി പിന്നിട്ട ശേഷമാണ് ജീവനക്കാർക്ക് ശമ്പളം നൽകിയത്. ഭരണപരമായ ഇത്തരം കാര്യങ്ങൾ എല്ലാം നിലച്ചിരിക്കുകയാണെന്നും എച്ച്.എം.സി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ ആരോഗ്യ മന്ത്രിയോട് പരാതിപ്പെട്ടു.

വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന 16 പേർക്കും രണ്ടുമാസത്തെ ശമ്പളം കിട്ടിയിട്ടില്ല. ഡോ. ആരതിയാണ് ആശുപത്രി സൂപ്രണ്ട്. ഇവർ അവധിയിൽ പോയത് ആർക്കും ചുമതല നൽകാതെയാണ്. ഏറ്റവും മുതിർന്ന ഡോക്ടർ ചുമതല ഏൽക്കണമെന്ന് കാണിച്ച് ഡി.എം.ഒ ഉത്തരവിട്ടത് ബന്ധപ്പെട്ടവർ അനുസരിച്ചിട്ടുമില്ല.ഇതോടെയാണ് ഫണ്ട് വിനിയോഗം, ശമ്പള വിതരണം എന്നീ കാര്യങ്ങൾ അവതാളത്തിലായിരിക്കുന്നത്.

Leave A Reply