ദുരന്തനിവാരണ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഹാം റേഡിയോ ഓപ്പറേറ്റർമാർ

തൃശൂർ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചു. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹാം റേഡിയോ ഒപ്പറേറ്റർമാരുടെ സേവനം നിലവിൽ ലഭ്യമാണ് 17 പേരെയാണ് ഇത്തരത്തിൽ സജ്ജരാക്കിയിരിക്കുന്നത്. ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഏതെങ്കിലും കാരണവശാൽ വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസം നേരിടാതിരിക്കാനാണ് ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാരിന്റെ അമേച്വർ സ്റ്റേഷൻ ഇൻഡിവിജ്വൽ ഓപ്പറേറ്റർ ലൈസൻസ് ഉള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റേഴ്‌സ്. കുറച്ച് പവറിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന എച്ച്എഫ്, വിഎച്ച്എഫ്, യുഎച്ച്എഫ് ഫ്രീക്വൻസി ആണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. ദുരന്ത സാഹചര്യങ്ങളിൽ വൈദ്യുതി ഇല്ലാതെ 12 വോൾട്ട് ബാറ്ററി, റേഡിയോ, ആന്റിന, പ്രക്ഷേപണത്തിന് ട്രാൻസ്‌മിറ്റർ എന്നിവ ഉപയോഗപ്പെടുത്തി ദുരന്ത മുഖത്തെ ഡാറ്റ ശേഖരിച്ച് താലൂക്ക് ഓഫീസുകളിലോ, കലക്ടറേറ്റിൽ സജ്ജമാക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററിലേക്കോ വിവരങ്ങൾ കൈമാറുന്നു. 2018 ലെ പ്രളയ സാഹചര്യത്തിൽ ജില്ലയിലെ ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave A Reply