വൻ കുഴി ഒടുവിൽ പാറപ്പൊടിയും മെറ്റലും ചേർത്ത ജിഎസ്ബി മിശ്രിതം നിറച്ച് അടച്ചു

മൂവാറ്റുപുഴ∙ എംസി റോഡിനെ ഗതാഗതക്കുരുക്കിലാക്കി മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴം പാലത്തിനു സമീപം രൂപം കൊണ്ട വൻ കുഴി ഒടുവിൽ പാറപ്പൊടിയും മെറ്റലും ചേർത്ത ജിഎസ്ബി മിശ്രിതം നിറച്ച് അടച്ചു. ചൊവ്വാഴ്ച രാത്രിയാണു റോഡരികിൽ കുഴിയുണ്ടായത്. മണ്ണിടിഞ്ഞ് അനുനിമിഷം വലുതായതോടെ കുഴി റോഡിന്റെ മധ്യത്തിലേക്കും വ്യാപിച്ചു. കേബിളുകൾ കടന്നു പോയിട്ടുള്ള ബിഎസ്എൻഎൽ കോൺക്രീറ്റ് ചേംബർ ഉൾപ്പെടെ താഴേക്ക് ഇടിഞ്ഞു.

ചൊവ്വാഴ്ച രാത്രി തന്നെ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ശക്തമായ മഴ നിമിത്തം ഒന്നും ചെയ്യാനായില്ല. പുലർച്ചെ കുഴി വലുതായി. തുടർന്നു പാലത്തിലൂടെ ഗതാഗതം നിരോധിച്ചതോടെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്കായി.

കച്ചേരിത്താഴം പഴയപാലം വഴി ഒരു ഭാഗത്തേക്കുള്ള വാഹനം കടത്തി വിട്ടെങ്കിലും വാഹനങ്ങൾ മണിക്കൂറുകൾ കുരുങ്ങി . എറണാകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ചാലിക്കടവ് പാലത്തിലൂടെ കടത്തിവിട്ടെങ്കിലും അൽപനേരത്തിനുള്ളിൽ അവിടെയും ഗതാഗതം സ്തംഭിച്ചു.

പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ സുജ റാണിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡ്സ്, ബ്രിജസ്, മെയ്ന്റനൻസ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും മണ്ണിടിയാനും കുഴിയുണ്ടാകാനും കാരണമെന്തെന്നു കണ്ടെത്താനായില്ല.

എന്നാൽ ഇതിൽ വ്യക്തത വരുത്താൻ ജിയോ ടെക്നിക്കൽ എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധന വേണമെന്നും അവർ പറയുന്നു. കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ കുഴി ഉണ്ടാകാനുള്ള കാരണവും പരിഹാരവും സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയർന്നു.

കനത്ത മഴ കാരണം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു നിൽക്കുമ്പോൾ റോഡിന്റെ ഒരു ഭാഗം പൂർണമായി കുഴിച്ച് പരിശോധിക്കുന്നത് കൂടുതൽ അപകടം സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ സൂചിപ്പിച്ചതോടെ താൽക്കാലികമായി കുഴി മൂടാൻ തീരുമാനമായി.

പത്തു മീറ്ററോളം ആഴവും മൂന്നര മീറ്ററോളം ചുറ്റളവുമുള്ള കുഴി മൂടുന്നതിനു 6 ടോറസ് ലോറി നിറയെ ജിഎസ്ബി മിശ്രിതം വേണ്ടി വന്നു. കുഴി മൂടിയെങ്കിലും രണ്ടു ദിവസം കൂടി പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കും.

പാലത്തിന്റെ ഒരു വശത്തു കൂടി മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. വിശദ പരിശോധന നടത്തി കുഴിയുണ്ടാകാനുള്ള സാഹചര്യം കണ്ടെത്തി പാലത്തിനു സമീപം റോ‍ഡ് പുനർ‌നിർമിക്കുമെന്ന് പരിഹാര പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ച മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

Leave A Reply