താങ്ങുവിലയിൽ ഒരു രൂപയുടെ വർധന ഇല്ലാതെ സംസ്ഥാനം നെല്ലു സംഭരിക്കും

തിരുവനന്തപുരം∙ കേന്ദ്രം നെല്ലിന്റെ താങ്ങുവിലയിൽ പ്രഖ്യാപിച്ച കിലോഗ്രാമിന് ഒരു രൂപയുടെ വർധന ഇല്ലാതെ സംസ്ഥാനം നെല്ലു സംഭരിക്കും. സംഭരണവിലയിൽ സംസ്ഥാനം പ്രഖ്യാപിച്ച കിലോഗ്രാമിന് 20 പൈസയുടെ വർധന മാത്രമാണു നെൽകർഷകർക്കു ലഭിക്കുക.

ഈ വർഷത്തെ ഒന്നാം വിള സീസണിൽ കിലോഗ്രാമിന് 28.20 രൂപയ്ക്കു നെല്ലു സംഭരിക്കുമെന്നു സിവിൽ സപ്ലൈസ് കോർപറേഷൻ അറിയിച്ചതോടെയാണു കേന്ദ്ര വർധന ഇല്ലെന്നു വ്യക്തമായത്. കഴിഞ്ഞ സീസണിൽ കിലോഗ്രാമിന് 28 രൂപയായിരുന്നു വില. പുതിയ വിലയായ 28.20 രൂപയിൽ കേന്ദ്ര താങ്ങുവില 19.40 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 8.80 രൂപയും ഉൾപ്പെടുന്നു.

20 പൈസയുടെ വർധന ഇത്തവണത്തെ ബജറ്റിലാണു സംസ്ഥാനം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ കേന്ദ്രം താങ്ങുവിലയിൽ ഒരു രൂപ വർധിപ്പിച്ചു. കേന്ദ്രം വർധിപ്പിച്ച തുക ഉത്തരവായി ഇറങ്ങിയാൽ മാത്രമേ വില തിരുമാനിക്കൂ എന്നാണ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചിരുന്നത്. എന്നാൽ, വില തീരുമാനിച്ചപ്പോൾ കേന്ദ്രം പ്രഖ്യാപിച്ച വർധന ഉൾപ്പെട്ടില്ല.

സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഇതിനു കാരണമാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രം നൽകുന്ന തുകയ്ക്കു മാത്രമാണു സംഭരണമെന്നും കേരളത്തിൽ സംസ്ഥാന വിഹിതം കൂടി ചേർത്ത് ഉയർന്ന വിലയ്ക്കാണു നെല്ലെടുക്കുന്നതെന്നും സപ്ലൈകോ വിശദീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഗ്രേഡ് എ (വടി) വിഭാഗം നെല്ലിനു സംഭരണ വിലയ്ക്കു പുറമേ ഒരു രൂപയും കോമൺ (ഉണ്ട) വിഭാഗത്തിന് 75 പൈസയുമാണ് പ്രോത്സാഹന ബോണസ് ഇനത്തിൽ നൽകുന്നത്. കർണാടകയും ആന്ധ്രപ്രദേശും പ്രോത്സാഹന ബോണസ് നൽകുന്നില്ലെന്നും സപ്ലൈകോ വ്യക്തമാക്കുന്നു.

Leave A Reply