2.5 ഹെക്ടറിൽ കൃഷി ആരംഭിച്ച് മൂവാറ്റുപുഴ ബ്ലോക്ക്

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി 2.5 ഹെക്ടറിൽ കൃഷിയിറക്കി മൂവാറ്റുപുഴ കൃഷി ബ്ലോക്ക്. മൂവാറ്റുപുഴ കൃഷി ബ്ലോക്കിന് കീഴിൽ വരുന്ന 8 പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലുമായാണ് 2.5 ഹെക്ടറിൽ കൃഷിയിറക്കിയിരിക്കുന്നത്.

ബ്ലോക്കിന് കീഴിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൃഷി ഇറക്കിയിരിക്കുന്നത്. 0.8 ഹെക്ടറിൽ പഴം, പൈനാപ്പിൾ, പച്ചക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും ചെയ്തിരിക്കുന്നത്. പായിപ്ര, ആയവന പഞ്ചായത്തുകളിൽ കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറി 0.4 ഹെക്ടറിലും, മാറാടി, ആവോലി, ആരാക്കുഴ പഞ്ചായത്തിൽ 0.2 ഹെക്ടറിലും, വാളകം, കല്ലൂർക്കാട് പഞ്ചായത്തുകളിലായി 0.1 ഹെക്ടറിലുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.

കൂടാതെ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കീഴിൽ 0.1 ഹെക്ടറിലും കൃഷി ആരംഭിച്ചിട്ടുണ്ട്. മുൻസിപ്പാലിറ്റിക്ക് കീഴിൽ മൂവാറ്റുപുഴ സബ് ജയിൽ, കെ എം എൽ ടി സ്കൂൾ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. ഇവിടെ പച്ചക്കറി കിഴങ്ങ് വർഗ്ഗങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.

കൂടാതെ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ മട്ടുപ്പാവിൽ പ്രത്യേകം സജ്ജീകരിച്ച 300 ഗ്രോ ബാഗുകളിലും കൃഷി ആരംഭിച്ചിട്ടുണ്ട്. കൃഷിവകുപ്പ് ജീവനക്കാരുടെയും സിവിൽ സ്റ്റേഷനിലെ മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഒപ്പം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ 30 ഗ്രോ ബാഗുകളിലും കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിട്ടുണ്ട്.മൂവാറ്റുപുഴ കൃഷി ബ്ലോക്കിന് കീഴിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധികൃതരും കൃഷി ഭവനുകളും ചേർന്നാണ് കൃഷിയ്ക്കായി സ്ഥലം കണ്ടെത്തി നൽകിയത്.

സംസ്ഥാനത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക, വിഷരഹിത പച്ചക്കറി വീട്ടിൽ ഉത്പാദിപ്പിക്കുക, എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് തിരിച്ചെത്തിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പ്രചരണാർത്ഥമാണ് “ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം” എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

Leave A Reply