‘സ്വന്തം പ്രതിനിധി’യെ ഉൾപ്പെടുത്തുന്നതിന് സർവകലാശാല നിയമം ഭേദഗതി ചെയ്യാൻ സർക്കാർ

തിരുവനന്തപുരം ∙ വൈസ് ചാൻസലർമാരെ നിയമിക്കുന്ന സമിതിയിൽ ഗവർണറുടെ നോമിനിക്കു പകരം ‘സ്വന്തം പ്രതിനിധി’യെ ഉൾപ്പെടുത്തുന്നതിന് സർവകലാശാല നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. സർക്കാർ ശുപാർശ ചെയ്യുന്ന വ്യക്തിയെ വേണം ഗവർണർ തന്റെ പ്രതിനിധിയായി നിയമിക്കേണ്ടത് എന്ന തരത്തിലാണു ഭേദഗതി.

ഇതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ നിയമ സെക്രട്ടറി അംഗീകരിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരുന്നതിന് എൽഡിഎഫ് അനുമതി നൽകി. സർവകലാശാലയുടെയും ഗവർണറുടെയും പ്രതിനിധികൾ സർക്കാരിനു താൽപര്യമുള്ളവർ ആകുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെത്തന്നെ വിസി ആക്കാനാകും.

സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനു നിയമിച്ച കമ്മിഷന്റെ ശുപാർശകളിൽ ഇതുമാത്രമാണ് അടിയന്തരമായി നടപ്പാക്കുന്നത്.‌‌ വിസി നിയമനത്തിനുള്ള പ്രായപരിധി 60 ൽ നിന്ന് 65 ആക്കണമെന്ന കമ്മിഷന്റെ ശുപാർശ തൽക്കാലം നടപ്പാക്കില്ല. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണു നടപടി. എന്നാൽ ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്നു വ്യക്തമല്ല.

Leave A Reply