വിഷരഹിത പച്ചക്കറി; ഞാറക്കൽ പഞ്ചായത്തിൽ ‘പൊലി’ പദ്ധതിക്ക് തുടക്കമായി

എറണാകുളം: സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ വഴി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുന്ന അഗ്രിനൂട്രി ഗാർഡൻ പദ്ധതി ‘പൊലി’ക്ക് ഞാറക്കൽ പഞ്ചായത്തിൽ തുടക്കമായി. വൈപ്പിൻ മണ്ഡലത്തിലെ 25,000 വനിതകളെ മത്സരാധിഷ്ഠിത കൃഷിയിലേക്കെത്തിക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.

സിഡിഎസ് ഹാളിൽ നടന്ന ചടങ്ങിൽ പച്ചക്കറി തൈകൾ എംഎൽഎ കൃഷിയിറക്കുന്നവർക്ക് കൈമാറി. വാർഡ് 12ലെ പ്രിയദർശിനി അയൽക്കൂട്ടമാണ് 35 സെന്റ് സ്ഥലത്ത് കൃഷിയിറക്കി പഞ്ചായത്തിൽ ‘പൊലി’ പദ്ധതിക്കു തുടക്കം കുറിക്കുന്നത്.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ഓരോ വാർഡുകളിലും പച്ചക്കറി തോട്ടങ്ങൾക്ക് രൂപം നൽകി പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ജനങ്ങളുടെ സഹകരണത്തോടെ പച്ചക്കറി ഉത്പാദനവും വിതരണവും സംഘടിപ്പിക്കാനും അതുവഴി പുതിയ തൊഴിൽ സംസ്കാരം ശക്തിപ്പെടുത്തുവാനും വിഷരഹിത പച്ചക്കറി എന്ന ആശയം നല്ലരീതിയിൽ നടപ്പിലാക്കാനുമാണ് അഗ്രിനൂട്രി ഗാർഡൻ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഗീത ചന്ദ്രൻ, വാർഡ് അംഗം വാസന്തി സജീവ്, കുടുംബശ്രീ ബ്ലോക്ക് കോ -ഓർഡിനേറ്റർ ജിഷ കുര്യൻ, ഷീബ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply