അതിതീവ്രമഴയുടെ റെഡ് അലർട്ട് സംസ്ഥാനത്തു പൂർണമായി പിൻവലിച്ചു

തിരുവനന്തപുരം ∙ അതിതീവ്രമഴയുടെ റെഡ് അലർട്ട് സംസ്ഥാനത്തു പൂർണമായി പിൻവലിച്ചു. അതിശക്തമായ മഴ സാധ്യതയിൽ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. 2 ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്.

തെക്കൻ ആന്ധ്രപ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ, ഞായറാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ 5 മരണം. 2 മത്സ്യത്തൊഴിലാളികൾ അടക്കം 3 പേരെ കണ്ടെത്താനുണ്ട്. കോട്ടയം ജില്ലയിൽ മണർകാട് പണ്ടാരത്തിക്കുന്നേൽ അമൽ മാത്യു (18), തലയാഴം പഞ്ചായത്തിൽ തോട്ടകം ഇണ്ടംരുത്ത് ദാസൻ (70) എന്നിവർ വെള്ളക്കെട്ടിൽ വീണു മരിച്ചു. പത്തനംതിട്ട തിരുവല്ലയിൽ ശ്രീവല്ലഭ ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. മന്നങ്കരചിറ കീഴുപറമ്പിൽ സുരേഷ് കുമാറിന്റെ മകൻ എസ്.കാശിനാഥ് (16) ആണു മരിച്ചത്.

തൃശൂർ പുതുക്കാട് ഉഴിഞ്ഞാൽപാടത്തു മീൻപിടിക്കാനിറങ്ങിയ കണ്ണമ്പത്തൂർ പുത്തൻപുരയ്ക്കൽ ബാബു (53) മുങ്ങിമരിച്ചു. കൊല്ലത്ത് ഇത്തിക്കരയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ അനുഗ്രഹ നഗർ 71 സജീന മൻസിലിൽ നൗഫൽ (21) ആണു മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി കൂരാക്കുണ്ടിൽ മുൻ അധ്യാപിക കുളത്തുങ്കൽ ലത (55)യെ ഒഴുക്കിൽ പെട്ടു കാണാതായി.

ചാവക്കാട് ചേറ്റുവ ഹാർബറിനു സമീപം കടലിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. ബോട്ട് തകർന്നു കടലിൽ അകപ്പെട്ട 2 മത്സ്യത്തൊഴിലാളികളെ തിരയാൻ ഇറങ്ങിയ ഹെലികോപ്റ്ററാണ് കടലിൽ മൂന്നര കിലോമീറ്ററോളം അകലെ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാബോട്ട് എത്തുമ്പോഴേക്കും മൃതദേഹങ്ങൾ ഒഴുകിപ്പോയി. 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ പിൻവലിച്ചു.

Leave A Reply