Roal

വ്യാജ രേഖകള്‍ ഹാജരാക്കി റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ത്തു; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: വ്യാജ രേഖകള്‍ ഹാജരാക്കി റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ത്തെന്ന പരാതി റേഷനിംഗ് കണ്‍ട്രോളറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണത്തിന് സിറ്റി റേഷനിംഗ് ഓഫീസര്‍ റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കാണ് ഉത്തരവ് നല്‍കിയത്. കാരപ്പറമ്പ് സ്വദേശി എ സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. തന്റെ സഹോദരന്റെ പേരില്‍ റേഷന്‍ കാര്‍ഡുണ്ടാക്കിയെന്നാണ് ആരോപണം. ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷിച്ചു.

പരാതിക്കാരന്റെ സഹോദരനെ ഭര്‍ത്താവായി കാണിച്ചാണ് ഭാര്യ ഓമന റേഷന്‍കാര്‍ഡുണ്ടാക്കിയത്. 1998 ലാണ് റേഷന്‍ കാര്‍ഡ് അനുവദിച്ചത്. പ്രസ്തുത കാര്‍ഡിനുള്ള അപേക്ഷ വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 2017 ല്‍ റേഷന്‍കാര്‍ഡ് പുതുക്കി നല്‍കിയപ്പോള്‍ പഴയ വിവരങ്ങളാണ് ഉപയോഗിച്ചത്. പിന്നീട് പരാതിക്കാരന്റെ സഹോദനായ ചാര്‍ലി മരിച്ചു. 1992 ലാണ് ചാര്‍ലിയെ വിവാഹം കഴിച്ചതെന്ന് ഓമന മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ചാര്‍ലിയില്‍ ഓമനക്ക് ഒരു മകളുണ്ട്. തൊഴില്‍രഹിതയായ ഇവര്‍ക്ക് 27 വയസായി. മകളുടെ പിതാവിന്റെ സ്ഥാനത്ത് ചാര്‍ളി എന്നാണുള്ളതെന്നും കമ്മീഷന്‍ കണ്ടെത്തി. ചാര്‍ളി മറ്റൊരാളെ വിവാഹം കഴിച്ചിട്ടുണ്ട്. പ്രസ്തുത വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരേ റേഷനിംഗ് ഓഫീസറുടെ അധികാര പരിധിയില്‍ എ സി ചാര്‍ലി എന്ന പേര് 2 റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടത് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് കമ്മീഷന്‍ കണ്ടെത്തി.

എന്നാല്‍ ചാര്‍ളിയുടെ സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം ലഭ്യമാക്കാന്‍ ഓമന റേഷന്‍ കാര്‍ഡ് വിവിധ ഓഫീസുകളില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ചു. തുടര്‍ന്നാണ് വ്യാജരേഖകള്‍ ഹാജരാക്കിയാണോ ഓമന ചാര്‍ളിയുടെ പേര് റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്നന്വേഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അന്വേഷണത്തില്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍, റേഷന്‍ഷോപ്പ് നടത്തിയിരുന്നവര്‍ എന്നിവരെ കണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

Leave A Reply