മുഖ്യമന്ത്രിക്ക് മറുപടിയുമായി വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ്; ഇ പി ജയരാജൻ ആക്രമിച്ചതിന് തെളിവുണ്ട്

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് മറുപടിയുമായി വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ് രംഗത്ത് . ഇ പി ജയരാജനെതിരെ പരാതി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ഫർസീൻ മജീദ് പറഞ്ഞു. വലിയതുറ പൊലീസ് സ്റ്റേഷനിൽ ജൂൺ 24 ന് പരാതി നൽകിയിരുന്നു. നിയമസഭയെ കബളിപ്പിക്കുന്ന കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്തിൽ ഇ പി ജയരാജൻ ആക്രമിച്ചതിന് വീഡിയോ തെളിവുകളുണ്ട്. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞതോടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായി. തെളിവ് സഹിതം കോടതിയെ സമീപിക്കുമെന്നും ഫർസീൻ മജീദ് പറഞ്ഞു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്ന് സഭയില്‍ ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറയ്ക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാനാണ് ശ്രമിച്ചത്. യൂത്ത് കോൺഗ്രസുകാര്‍ കോടതിയിലോ പൊലീസിലോ ജയരാജനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയിൽ പറയുന്നു .

Leave A Reply