ചിന്തന്‍ശിബിരിനിടയിലെ പീഡനശ്രമം: സംസ്ഥാന എക്സിക്യുട്ടീവ് അംഗത്തിനെതിരെ പീഡന പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗത്തിനെതിരെ പീഡന പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റിക്ക് പരാതി കിട്ടിയിട്ടില്ലെന്നും പരാതി ഉണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

എന്നാല്‍ പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിൻ്റെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും കേരളത്തിന്‍റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.

Leave A Reply