ഗുരുവായൂരിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഗസ്റ്റ് ഹൗസ്

ഗുരുവായൂരിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഒരുങ്ങുന്നു. ഗുരുവായൂർ റെയിൽവെ സ്റ്റേഷന് സമീപം ഉണ്ടായിരുന്ന പഴയ ഗസ്റ്റ് ഹൗസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്നത്. ഗസ്റ്റ് ഹൗസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ടൂറിസം വകുപ്പ് ഫണ്ടിൽ നിന്ന് 22.45 കോടി രൂപ വിനിയോഗിച്ചാണ്  പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

എട്ട് നിലകളിലായി ഹൈടെക് സംവിധാനങ്ങളോടെ 59,897 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ വിശാലമായ 55 ഓളം മുറികളുണ്ട്. ഒന്ന്, രണ്ട് നിലകളിലായി ഫോർഡിലക്സ് റൂം, പ്രസിഡൻഷ്യൽ റൂം എന്നിവയാണ് തയ്യാറാക്കിയിട്ടുള്ളത്. മറ്റ് നിലകളിലായി എയർക്കണ്ടീഷൻ സൗകര്യത്തോടു കൂടിയുള്ള സ്റ്റാന്റേഡ് മുറികളുമുണ്ട്.

താഴത്തെ നിലയിൽ സന്ദർശക മുറിയും  ബോർഡ് മീറ്റിംഗ് നടത്തുന്നതിനായി അമ്പതോളം പേരെ ഉൾക്കൊള്ളുന്ന പ്രത്യേക റൂമും ലിഫ്റ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ബേയ്സ് മെന്റിൽ 18 ഓളം കാറുകൾ  പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ  പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

ഗസ്റ്റ് ഹൗസിൽ താമസിക്കുന്നവർക്കുള്ള ഭക്ഷണ സൗകര്യത്തിനായി റസ്റ്റോറന്റും സജ്ജമാണ്. പ്രതിവർഷം മൂന്ന് ദശലക്ഷത്തോളം തീർത്ഥാടകരെത്തുന്ന ഗുരുവായൂരിന്റെ ടൂറിസം വികസനത്തിന് ഗസ്റ്റ് ഹൗസ് മുതൽക്കൂട്ടാകും.

Leave A Reply