ചങ്ങരംകുളത്ത് മുടി വളര്‍ത്തിയതിന് അധ്യാപകന്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയെ കോളറിന് പിടിച്ച്‌ വലിച്ചിഴച്ചു

മലപ്പുറം: ചങ്ങരംകുളത്ത് മുടി വളര്‍ത്തിയതിന് അധ്യാപകന്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച്‌ വലിച്ചിഴച്ചതായി പരാതി.സംഭവത്തില്‍ മാതാവ് ചങ്ങരംകുളം പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും പരാതി നല്‍കിയിട്ടുണ്ട് .കോലിക്കര തൊട്ടുവളപ്പില്‍ ഷെബീറിന്റെ 11 വയസുകാരനായ മകന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഡൊണേറ്റ് ചെയ്യുന്നതിന് തലമുടി വളര്‍ത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിരുന്നു. എന്നാല്‍ സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നതായി മാതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടിയെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച്‌ വലിച്ച്‌ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കൊണ്ട് നിര്‍ത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതി. കഴുത്തില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും യുവതി പറഞ്ഞു.

Leave A Reply