തൊഴിലാളി ലയങ്ങളില്‍ പ്രത്യേക സംഘം പരിശോധന നടത്തി

ഇടുക്കി; ഇടുക്കിയിലെ തൊഴിലാളി ലയങ്ങളില്‍ കാലവര്‍ഷം കനത്തതോടെ പ്രത്യേക സംഘം പരിശോധന നടത്തി. അപകടാവസ്ഥയിലുള്ള ലയങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞദിവസം ഏലപ്പാറക്ക് സമീപം കോഴിക്കാനത്ത് ലയത്തിനു പിന്നിലെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ലയങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ ജില്ല കളക്ടര്‍ നിയോഗിച്ചത്.

പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലായി ചെറുതും വലുതുമായ നൂറ്റി അറുപതോളം തോട്ടങ്ങളാണുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ലയങ്ങളാണ് മിക്ക തോട്ടങ്ങളിലുമുള്ളത്. ഭൂരിഭാഗവും ചോര്‍ന്നൊലിക്കുന്നതാണ്.
ഓരോ താലൂക്കിലെയും തഹസില്‍ദാര്‍, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍, അസ്സിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മഴ തുടങ്ങിയപ്പോള്‍തന്നെ ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ജില്ല ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന തോട്ടം ഉടമകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കാനും ആലോചനയുണ്ട്. കോഴിക്കാനത്ത് മണ്ണിടിച്ചില്‍ ഉണ്ടായ ലയത്തിനു സമീപത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. പകരം നല്‍കിയ ലയങ്ങളില്‍ കറണ്ടും വെള്ളവും ശുചിമുറി സൌകര്യവും ഒരുക്കാന്‍ തോട്ടമുടമ തയ്യാറാകാത്തതിനാലാണ് തൊഴിലാളികള്‍ മാറിത്താമസിക്കാത്തത്.

 

Leave A Reply