മട്ടന്നൂരിലെ സ്ഫോടനം: അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വീട്ടിനകത്തുണ്ടായ സ്ഫോടനത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കി.സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തു വന്നതോടെയാണ് പൊലിസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നത്.മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലാണ് നാടിനെ നടുക്കിയ സ്ഫോടനം നടന്നത് .ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസം സ്വദേശികളായ ഫസല്‍ ഹഖ്, ഷഹീദുള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസല്‍ ഹഖിന്റെ മകനായിരുന്നു ഷഹീദുള്‍.

ഇരുവരും ആക്രി സാധനങ്ങള്‍ ശേഖരിച്ച്‌ വിറ്റ് ഉപജീവനം കണ്ടെത്തിയവരായിരുന്നു. ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനമുണ്ടായത്. രണ്ടു പേരുടെയും മൃതദേഹം പരിയാരത്തെ കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave A Reply