ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ കീഴ്‌വായ്‌പൂര്‍ പോലീസ് കേസെടുത്തു.ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് .സജി ചെറിയാന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ കീഴ്‌വായ്‌പൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവ് നല്‍കിയിരുന്നു. കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹരജിയിലാണ് നടപടി. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണ ചുമതല. കേസില്‍ വേദിയില്‍ ഉണ്ടായിരുന്ന എംഎല്‍എമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണന്‍ എന്നിവരുടെ മൊഴിയെടുക്കും.

പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നും ടി രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു. അതിനിടെ, പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിച്ചാല്‍ മാത്രമേ നിയമോപദേശം നല്‍കാന്‍ കഴിയുള്ളൂവെന്ന് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ എസി ഈപ്പന്‍ പോലീസിനെ അറിയിച്ചു .നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനായിരുന്നു പോലീസിന്റെ തീരുമാനം. വിവാദ പ്രസംഗത്തിന്റെ പേരില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വേറെ ഒമ്ബത് പരാതികള്‍ കൂടി ഡിവൈഎസ്‌പിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

Leave A Reply