യുഐടി പ്രാദേശിക കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

വിതുര: തൊളിക്കോട് യുഐടി (യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പ്രാദേശിക കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.15 കോടിയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നുള്ള അരക്കോടിയും ഉപയോഗിച്ചാണ് നിര്‍മാണം.പുളിമൂട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പുറകിലെ പഞ്ചായത്തു വക സ്ഥലം യുഐടിക്കായി വിട്ടുനല്‍കിയെങ്കിലും കെട്ടിടം നിര്‍മിക്കാന്‍ വൈകിയ സാഹചര്യത്തില്‍ രക്ഷകര്‍ത്താക്കളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നു.തുടര്‍ന്നാണ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും തുകകള്‍ അനുവദിച്ചത്. ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന മൂന്നു നില കെട്ടിടം പൂര്‍ത്തിയായി വരികയാണ്. രണ്ടു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

അഞ്ചു വര്‍ഷം മുമ്പാണ് തൊളിക്കോട് കേന്ദ്രമായി യുഐടിയുടെ പ്രാദേശിക കേന്ദ്രം അനുവദിച്ചത്. പഞ്ചായത്ത് കാര്യാലയത്തോടു ചേര്‍ന്ന കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങിയത്. വിവിധ ബിരുദ ക്ലാസുകളിലായി 150ലധികം വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതി നല്‍കിയിരുന്നു.ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികളും ശൗചാലയങ്ങളുടെ കുറവും വിദ്യാര്‍ഥികളെ വല്ലാതെ വലച്ചിരുന്നു. ഇതിനിടയില്‍ കേന്ദ്രം മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാനുള്ള ശ്രമം നടന്നതായും ആരോപണമുയര്‍ന്നു.

Leave A Reply