ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനു മുമ്പ് മൂന്ന് ലങ്കന്‍ താരങ്ങൾക്ക് കോവിഡ് പോസിറ്റീവ്

കൊളംബോ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനു മുമ്പ് ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് രോഗബാധ. ധനഞ്ജയ ഡിസില്‍വ, ജെഫ്രി വാന്‍ഡര്‍സെ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ക്കാണ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന മത്സരത്തിനു മുമ്പ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് മത്സരം നഷ്ടമാകും.

കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് മൂന്ന് കളിക്കാരും പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പരമ്പരയില്‍ പിന്നിലുള്ള ലങ്കയ്ക്ക് ഈ താരങ്ങളുടെ അഭാവം തിരിച്ചടിയാകും. ഒന്നാം ടെസ്റ്റില്‍ ഓസീസ് 10 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു.

ധനഞ്ജയക്കും വാന്‍ഡര്‍സെയ്ക്കും മത്സരം നഷ്ടമാകുന്നതോടെ സ്പിന്‍ ജോഡികളായ മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ എന്നിവര്‍ക്ക് ലങ്ക അരങ്ങേറ്റത്തിന് അവസരം നൽകാനും സാധ്യത ഉണ്ട്.

Leave A Reply