ആളൂര്‍: പണയവാഹനം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പുത്തന്‍ചിറ സ്വദേശിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.പറവൂര്‍ താനിപ്പാടം കാഞ്ഞിരപറമ്പില്‍ മുക്താര്‍ (30), ആളന്തുരുത്ത് സ്വദേശികളായ കണ്ണന്ചക്കശ്ശേരി നിസാം (30), കൈതക്കല്‍ അന്‍ഷാദ് (31), വടക്കുംപുറം കൂട്ടുകാട് പൊന്നാഞ്ചേരി അരുണ്‍ (24) എന്നിവരെയാണ് പിടിയിലായത്.ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ മേയ് 20നായിരുന്നു സംഭവം. ഒന്നാം പ്രതി മുക്താര്‍ വാടകക്കെടുത്ത കാര്‍ ഇയാളുടെ സുഹൃത്ത് പുത്തന്‍ചിറ സ്വദേശിയായ പരാതിക്കാരന് പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. ഇതറിഞ്ഞ് മുക്താര്‍ പരാതിക്കാരന്റെ അടുത്തെത്തി കാര്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഴിക്കാട്ടുശ്ശേരിയില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന പരാതിക്കാരനെ പ്രതികള്‍ വഴിയിൽ തടഞ്ഞുനിർത്തി കാറില്‍ കയറ്റിക്കൊണ്ടുപോകുകയും പണയപ്പെടുത്തിയ കാര്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതി മുക്താര്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട ആളാണ്.