നാലു പൊലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐജി പി.പ്രകാശിന്റെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം ∙ ചങ്ങനാശേരി ഡിവൈഎസ്പി ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐജി പി.പ്രകാശിന്റെ അന്വേഷണ റിപ്പോർട്ട്. ഡിവൈഎസ്പി ഉൾപ്പെടെ നാല് പൊലീസുകാർക്ക് കോട്ടയത്തെ സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ഡിജിപി അന്വേഷണത്തിനു നിർദേശം നൽകി. ചങ്ങനാശേരി ഡിവൈഎസ്പിക്കു പുറമെ ഒരു സൈബർ സെൽ സിഐ, രണ്ട് സിവിൽ പൊലീസുകാർ എന്നിവർക്കെതിരെയാണ് അന്വേഷണം.

ഡിവൈഎസ്പിയുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് സർക്കാർ വകുപ്പുതല അന്വേഷണം നടത്തും. പൊലീസുകാരുടെ ഗുണ്ടാ ബന്ധം പാലാ എഎസ്പി അന്വേഷിക്കും. ഹണിട്രാപ്പ് കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അരുൺ ഗോപനെ കസ്റ്റഡിയിലെടുത്തതോടെയാണ് പൊലീസുമായുള്ള ബന്ധം വ്യക്തമായത്.

ഇയാളെ സ്റ്റേഷനിലെത്തിച്ചപ്പോൾ രാത്രി ചങ്ങനാശേരി ഡിവൈഎസ്പി കാണാനെത്തി. ഡിവൈഎസ്പി അരുൺ ഗോപനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. അരുൺഗോപൻ തിരിച്ചും ചൂടായി. ഇത് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസർ എസ്പിക്ക് റിപ്പോർട്ടു ചെയ്തു. എസ്പി റിപ്പോർട്ട് സോൺ ഐജി: പി.പ്രകാശിനു കൈമാറി. ഐജിയുടെ നിര്‍ദേശപ്രകാരം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ ബന്ധം വ്യക്തമായത്.

തുടർന്ന്, ഫയൽ ഡിജിപിക്കു സമർപിച്ചു. പൊലീസ്–ഗുണ്ടാ ബന്ധം അരുൺ ഗോപൻ പുറത്തു പറയുമെന്നു ഭയന്നാണോ ഡിവൈഎസ്പി സ്റ്റേഷനിലെത്തിയതെന്ന് പരിശോധിക്കുന്നു.

Leave A Reply