കടുത്തുരുത്തി: മഴ കനത്തതിനൊപ്പം കോട്ടയം ജില്ലയിൽ അപകടങ്ങളും കൂടി. കനത്തമഴയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് കുറുപ്പന്തറയില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും ഒരു ഓട്ടോയും തകര്‍ന്നു. ഇതിന് പിന്നാലെ മുട്ടുചിറക്ക് സമീപം കനത്ത കാറ്റിലും മഴയിലും വന്മരം ഒടിഞ്ഞുവീണു.
മേഖലയിൽ വൈദ്യുതി തൂണുകളും ലൈനും വ്യാപകമായി തകര്‍ന്നു. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് വഴിയിരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്തശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലും ഇടിച്ചു.
ഓട്ടോയില്‍ ഈ സമയം ആളില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. എതിരെ വന്ന കണ്ടെയ്നറിന് വളവില്‍വെച്ച് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് സ്വകാര്യബസ് അപകടത്തില്‍പെട്ടതെന്ന് പറയുന്നു. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് മുട്ടുചിറ ഇടുക്കുമറ്റത്തിന് സമീപം അപകടമുണ്ടായത്.