ഡെങ്കിപ്പനിയും ചിക്കുൻഗുനിയയുമുണ്ടാക്കുന്ന വൈറസുകൾ പടരുന്നത് തടയാൻ നൂതന പരീക്ഷണവുമായി ഗവേഷകർ

ഡെങ്കിപ്പനിയും ചിക്കുൻഗുനിയയുമുണ്ടാക്കുന്ന വൈറസുകൾ പടരുന്നത് തടയാൻ നൂതന പരീക്ഷണവുമായി ഗവേഷകർ.ഡെങ്കിയും ചിക്കുൻഗുനിയയും മഞ്ഞപ്പനിയുംമറ്റും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനത്തിൽപ്പെട്ട കൊതുകിൽ രണ്ടിനം വോൽബാച്ചീ ബാക്ടീരിയയെ സന്നിവേശിപ്പിച്ചാണ് ഈഡിസ് ഈജിപ്തി പുതുച്ചേരി എന്നുപേരിട്ട കൊതുകിനെ ഗവേഷകർ വികസിപ്പിച്ചത്. കൊതുകിന്റെ ശരീരകലകളിൽ വോൽബാച്ചീ ബാക്ടീരിയ നിലയുറപ്പിക്കുന്നതുകാരണം അതിന് വൈറസിനെ വഹിക്കാനാകാതെവരും. നാടൻ കൊതുകിനങ്ങളുമായി ഈ കൊതുക് ഇണചേർന്നുണ്ടാവുന്ന കുട്ടികളിലും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാവും. കാലക്രമേണ നാടൻ കൊതുകിനങ്ങളെ തുരത്തി ബാക്ടീരിയയടങ്ങുന്ന കൊതുക് മാത്രമാവുന്നതോടെ കൊതുകിലൂടെ വൈറസ് രോഗങ്ങൾ പടരുന്നത് നിലയ്ക്കും.

ഓസ്‌ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽനിന്ന് കൊണ്ടുവന്ന 10,000 കൊതുകുമുട്ട വിരിയിച്ചാണ് വി.സി.ആർ.സി.യിൽ ഗവേഷണം നടത്തിയത്. ഈ കൊതുകുകളെ നാടൻ കൊതുകുകളുമായി ഇണചേർത്ത് ഈഡിസ് ഈജിപ്തി പുതുച്ചേരി വികസിപ്പിച്ചു. ഇവയുപയോഗിച്ച് വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാമെന്ന് നാലുവർഷം നീണ്ട ഗവേഷണത്തിൽ തെളിഞ്ഞതായി പുതുച്ചേരി വി.സി.ആർ.സി. ഡയറക്ടർ ഡോ. അശ്വനി കുമാർ അറിയിച്ചു.

Leave A Reply