‘ചക്കപ്പഴത്തിന്റെ മണമിടിച്ച് ആനക്കൂട്ടം കാടിറങ്ങുന്നു…’; പ്രതിസന്ധിയിൽ കർഷകർ

കോട്ടയം: ചക്കപ്പഴത്തിന്റെ മണമിടിച്ച് കാടിറങ്ങുന്ന ആനക്കൂട്ടം കൃഷി നശിപ്പിച്ച് മടങ്ങുമ്പോൾ എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് കർഷകർ. ചക്കപ്പഴം തേടിയിറങ്ങിയ ആനക്കൂട്ടത്തിലൊന്നാണ് വൈദ്യുതാഘാതമേറ്റ് കഴിഞ്ഞ ദിവസം മൂഴിക്കലിൽ ചരിഞ്ഞത്.മുൻപ് വെള്ളവും തീറ്റയും തേടി വേനലിൽ മാത്രമായിരുന്നു കാട്ടുമൃഗങ്ങൾ നാട്ടിലെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മഴക്കാലത്തും ശല്യം തുടരുകയാണ്. പുലിപ്പേടിയിൽ വിറയ്ക്കുന്നതിനിടെയാണ് മലയോരത്ത് കാട്ടാന ശല്യം. ചക്കപ്പഴവും റബർ തോട്ടങ്ങളിലെ കൈതച്ചക്കയുമാണ് ആനക്കൂട്ടങ്ങളുടെ ഏക ലക്ഷ്യം.

*സൗരവേലികളും ഫലപ്രദമല്ല

ആനകളെ പ്രതിരോധിക്കാൻ കാടതിർത്തികളിൽ സ്ഥാപിച്ച സൗരവേലികളും ആനക്കൂട്ടം തകർക്കുകയാണ്. ഈ വേലികൾ തകർത്താണ് ആനകൾ കൂട്ടമായി കാടിറങ്ങുന്നത്. സോളാർ വേലികൾ ആനയ്ക്കല്ല, ഒരു മൃഗത്തിനും ജീവഹാനിയുണ്ടാക്കില്ല. 12 വോൾട്ട് ഡി.സി വൈദ്യുതിയാണ് പ്രവഹിക്കുന്നത്. 12 സെക്കൻഡുകൾ ഇടവിട്ടാണ് വൈദ്യുത പ്രവാഹം. വേലിയിൽ തട്ടുമ്പോഴുള്ള ഷോക്കിൽ വന്യജീവികൾ പിൻവാങ്ങും. പല സ്ഥലങ്ങളിലും വേലികൾ പ്രവർത്തിക്കാത്തതും ആനക്കൂട്ടങ്ങൾ എത്താൻ കാരണമായിട്ടുണ്ട്.

Leave A Reply