മിഷൻ ഫ്രീ ഫ്ലോ പദ്ധതിക്ക് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം

എറണാകുളം: ബ്ലോക്ക് പഞ്ചായത്തിലെ പരിധിയിൽപ്പെട്ട എല്ലാ പഞ്ചായത്തുകളിലെയും തോടുകളും നീർത്തടങ്ങളും പുനരുജ്ജീവിപ്പിക്കാൻ മിഷൻ ഫ്രീ ഫ്ലോ പദ്ധതിക്ക് തുടക്കമിട്ടു മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്. 2008 ൽ പഞ്ചായത്തുകളിൽ തയ്യാറാക്കിയ നീർത്തട മാസ്റ്റർ പ്ലാൻ അടിസ്ഥാന രേഖയായി പരിഗണിച്ചായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. ഇതിനായി ടോക് എച്ച് കോളേജ് ഓഫ് എഞ്ചിനീയറിങ്ങുമായി ബ്ലോക്ക് പഞ്ചായത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു. ഇതിന്റെ ഭാഗമായി ഏരിയൽ സർവേ നടത്തി തോടുകളുടെയും നീർത്തടങ്ങളുടെയും പുഴയുടെയും നിലവിലെ സ്ഥിതി പഠിക്കും.

നീരൊഴുക്ക് സുഗമമായി പുനഃസ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള പ്രവ‍ൃത്തികൾ മാസ്റ്റർ പ്ലാനിന്റെ ഭാഗമാകും. ടൂറിസം, കൃഷി സാധ്യതകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവും വിശദമായ പദ്ധതി രേഖ തയ്യാറാക്കുക. വാർഡ് തലത്തിൽ റസിഡന്റ്‌സ് അസോസിയേഷനുകൾ, പാടശേഖര സമിതികൾ, മറ്റു സന്നദ്ധ സംഘടനകൾ തുടങ്ങിയവരുമായി ചർച്ച ചെയ്തായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക. സർവ്വേ നടപടികൾ ഏകോപിപ്പിക്കുന്നതിന് ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ആമ്പല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ, ടോക് എച്ച് സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് സിവിൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ: വാസുദേവ് ആർ, കേരള സ്റ്റാർട്ട് അപ് മിഷൻ നോഡൽ ഓഫീസർ അഡ്വ: ടൈറ്റസ് തോമസ്, ഇ.പി. സിബിൻ, സി.ബി. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply