മട്ടന്നൂർ സ്‌ഫോടനം; കൊല്ലപ്പെട്ടത് ആക്രി പെറുക്കി ജീവിച്ച പിതാവും മകനും

മട്ടന്നൂര്‍: പാഴ്വസ്തു ശേഖരിക്കുന്ന വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചത് പിതാവും മകനും. 19ാം മൈല്‍ കാശിമുക്കിലെ സ്‌ഫോടനത്തില്‍ അസം സ്വദേശികളായ ഫസല്‍ ഹഖ്(45), മകന്‍ ശഹീദുൽ ഹഖ് (22) എന്നിവരാണ് മരണമടഞ്ഞത്.ശേഖരിച്ച വസ്തുക്കളില്‍ നിന്നു ലഭിച്ച ഉല്പന്നം വീടിനുള്ളില്‍നിന്നു തുറന്നു നോക്കുമ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.

ഇന്നലെ വൈകീട്ടോടെ നെല്ല്യാട് ക്ഷേത്രത്തിനുസമീപം പാഴ് വസ്തുക്കള്‍ ശേഖരിച്ചുവെച്ച ഓടുമേഞ്ഞ ഇരുനില വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.ഇവിടെ മാസങ്ങളായി പാഴ് വസ്തുക്കള്‍ ശേഖരിച്ചു വരികയാണ്. കനത്ത മഴക്കിടെ വൻസ്‌ഫോടനശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ മുകള്‍നിലയില്‍ ഒരാള്‍ മരണപ്പെട്ടതായി കണ്ടത്. സ്‌ഫോടനത്തില്‍ ശക്തിയിൽ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

കണ്ണൂര്‍സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്‍, എസ്.ഐ കെ.വി. ഉമേഷ് എന്നിവർ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.

Leave A Reply