ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽ നിന്ന് ‌പണം കവർന്നു; മുഖ്യപ്രതി റിമാൻഡിൽ

പാണ്ടിക്കാട്: ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ കവർന്ന് യുപിഐ ട്രാൻസ്ഫർ വഴി 75,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി റിമാൻഡിൽ. പന്തല്ലൂർ ആമക്കാട് സ്വദേശി പാലപ്ര സിയാദി (36)നെ ആണു പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമെയ് 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഗായത്രി ഹോട്ടൽ ഉടമ മുരളീധരൻ പൂളമണ്ണയുടെ പണമാണ് തട്ടിയത്.

ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്ന മുഹമ്മദ് ഇർഫാൻ മുരളീധരന്റെ യുപിഐ പിൻ നമ്പർ മനസ്സിലാക്കുകയും ഫോൺ മോഷ്ടിച്ച ശേഷം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാരീഖിന്റെ അക്കൗണ്ടിലേക്ക് 75,000 രൂപ രണ്ടു തവണയായി ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.കേസിൽ മുഹമ്മദ് ഇർഫാനും, മുഹമ്മദ് ഷാരിഖും മറ്റൊരു പ്രതി അബ്ദുൽ ഹഖും നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യസൂത്രധാരനായ സിയാദ് ഒളിവിൽ കഴിയുന്നതിനിടെ നീലഗിരിയിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply