സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പ്; ജില്ലയിൽ ഒരു മാസത്തിനിടെ 352 ഇടങ്ങളിൽ പരിശോധന

എറണാകുളം: സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ ഒരു മാസത്തിനിടെ 352 ഇടങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്.ഭക്ഷണശാലകളിലും ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ 101 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാനായി 38 ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. നിശ്ചിത നിലവാരം ഇല്ലാത്തതും ലേബൽ ഇല്ലാത്തതുമായ 12 സ്ഥാപനങ്ങൾക്ക് ന്യായവിധി ഓഫീസർ ആയ ആർ. ഡി. ഒ പിഴ ചുമത്തുകയും ചെയ്തു.

സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് ഇല്ലാതെ വരിക, മലിനമായ വെള്ളം ഉപയോഗിക്കുക തുടങ്ങി നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തുന്ന കുറ്റങ്ങൾക്കാണ് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ പിഴ ഈടാക്കുന്നത്. ഭക്ഷണത്തിൽ മായം ചേർക്കുക, ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, തുടങ്ങി ലബോറട്ടറി പരിശോധനയിൽ തെളിയുന്ന കുറ്റങ്ങൾക്ക് ആർ. ഡി. ഒ പിഴ ഈടാക്കും. ഇത്തരത്തിൽ 1,92,500 രൂപയാണ് ആർ. ഡി. ഒ കഴിഞ്ഞ ഒരു മാസത്തിനിടെ പിഴ ഇടാക്കിയത്. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ 1,05,000 രൂപയും പിഴ ഈടാക്കി.

ട്രോളിങ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ മത്സ്യ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനകൾ നടന്നു വരികയാണ്. മായം ചേർത്ത മത്സ്യം വിപണിയിൽ എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടക്കുന്നത്.ജലജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിൽ കൂടുതൽ കർശനമായ പരിശോധനയാണ് നടക്കുന്നത്. ഭക്ഷണം തയ്യാറാക്കാനും കുടിക്കാനും നൽകുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കുക ആണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗല്ല ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ മാംസാഹാരം പാകം ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 916 സ്ഥലങ്ങളിൽ ആണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിൽ 448 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നോട്ടീസ് പ്രകാരമുള്ള മാറ്റങ്ങൾ വരുത്താൻ തയ്യാറാവാത്ത നാല് ഭക്ഷണ ശാലകൾക്ക് മെച്ചപ്പെടുത്തൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇനിയും നവീകരണം നടത്താത്ത പക്ഷം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ 4,35,000 രൂപ ആർ. ഡി. ഒ മുഖേനയും 4,05,000 രൂപ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ നേരിട്ടും പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിൽ കർശനമായ പരിശോധന തുടരുമെന്ന് അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷ കമ്മിഷണർ അലക്സ്‌ കെ. ഐസക് പറഞ്ഞു. ഭക്ഷ്യ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനായി പുതുതായി നാല് ഉദ്യോഗസ്ഥരെ കൂടി ജില്ലയിൽ സർക്കാർ നിയമിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply