ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം; ഒരാഴ്ചക്കിടെ തീർപ്പാക്കിയത് 31,834 ഫയലുകൾ

എറണാകുളം: ജില്ലയിൽ ജൂലൈ ഒന്ന് മുതൽ ഏഴു വരെയുള്ള ഒരാഴ്ച കൊണ്ട് തീർപ്പാക്കിയത് 32,834 ഫയലുകൾ. ജൂലൈ മാസത്തിൽ 55,869 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒരാഴ്ച കൊണ്ട് തന്നെ പകുതിയിലധികവും ഫയലുകൾ ഉദ്യോഗസ്ഥർ തീർപ്പാക്കികഴിഞ്ഞു. ഞായറാഴ്ച ജില്ലയിൽ ഫയൽ തീർപ്പാക്കൽ ദിനചാരണത്തിന്റെ ഭാഗമായാണ് കൂടുതൽ ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത്. പ്രതീക്ഷിച്ചതിൽ അധികം ഫയലുകൾ ഒരു ദിവസം കൊണ്ട് തീർപ്പാക്കിയതിന്റെ ആത്മ വിശ്വാസത്തിൽ കൂടുതൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കി വരികയാണ്.

ജൂലൈ മാസത്തിൽ 780 ഫയലുകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസിലെ 1494 ഫയലുകൾ ആദ്യ ആഴ്ച തന്നെ തീർപ്പാക്കിയി. 3887 ഫയലുകളാണ് ഇവിടെ ആകെ തീർപ്പാക്കാനുള്ളത്. 9250 ഫയലുകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 7063 ഫയലുകൾ ഈ ആഴ്ച തീർപ്പാക്കി. 1000 ഫയലുകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന കേരള വാട്ടർ അതോറിറ്റി 1305 ഫയലുകൾ തീർപ്പാക്കി.

27,291 ഫയലുകളാണ് ജൂലൈ മാസത്തിൽ തീർപ്പാക്കാൻ റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. അതിൽ 10,614 ഫയലുകൾ ഒരാഴ്ച കൊണ്ട് തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. 1050 ഫയലുകൾ തീർപ്പാക്കിയ കണയന്നൂർ താലൂക്ക് ഓഫീസാണ് ഏറ്റവുമധികം ഫയലുകൾ തീർപ്പാക്കിയത്.

5151 ഫയലുകൾ ആണ് കളക്ടറേറ്റിൽ മാത്രമായി ഒരാഴ്ചക്കിടെ തീർപ്പാക്കിയത്.1472 ഫയലുകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ട ഭരണ നിർവഹണ വിഭാഗത്തിൽ 1702 ഫയലുകൾ തീർപ്പാക്കി. 3000 ഫയലുകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ട മജിസ്റ്റീരിയൽ വിഭാഗത്തിലെ 2075 ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ ഫയലുകൾ തീർപ്പാക്കി ഫയൽ അദാലത്ത് പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.

Leave A Reply