ചേട്ടന്റെയും അനുജന്റെയും നടുക്ക് നിൽക്കുമ്പോൾ ആർഷ്‌ലിക്ക് തീരെ പൊക്കമില്ല

പാലാ : ‘എടീ എന്തൊരു പൊക്കമാടി നിന്റെ ചേട്ടനും അനിയനുമൊക്കെ. അവരോടൊപ്പം ഓടിക്കളിക്കാൻപോലും നീ പാടുപെടുമല്ലോ…’ കൂട്ടുകാരികൾ കളിയാക്കുമ്പോൾ ആർഷ്‌ലി പൊട്ടിച്ചിരിക്കും. എന്നിട്ടു പറയും; ഒന്നു പോടി. ഞാനും അത്രയും ചെറുതൊന്നുമല്ലടീ. എനിക്കുമുണ്ടെടി അഞ്ചടി എട്ടിഞ്ച് പൊക്കം ! പാലാ ഇടമറ്റം കാപ്പിലെ സന്തോഷിന്റെയും സാലിയുടെയും മകളാണ് ആർഷ്‌ലി. ചേട്ടൻ ആർഷിക്കിന് ആറടി ഒമ്പതിഞ്ചാണ് പൊക്കം. അനുജൻ ആദർശിനാകട്ടെ അതിനേക്കാൾ ഉയരമുണ്ട്.

ചേട്ടന്റെയും അനുജന്റെയും നടുക്ക് നിൽക്കുമ്പോൾ ആർഷ്‌ലിക്ക് തീരെ പൊക്കമില്ല! കാപ്പിൽ വീട്ടിലെ സഹോദരങ്ങളായ ആർഷിക് എസ്. കാപ്പനും (25) ആദർശ് എസ്. കാപ്പനും (17) മികച്ച ബാസ്ക്കറ്റ് ബാൾ താരങ്ങളുമാണ്. ജില്ല, സംസ്ഥന തലങ്ങളിൽ ജേതാക്കളുമാണ്. പക്ഷേ, ‘തലക്കന’മില്ല. എല്ലാവരുടെയും ഒപ്പം ചേർന്ന് ചിരിച്ചും കളിച്ചും നടക്കും. പെൺകുട്ടികളിലെ ഉയരക്കാരിയാണ് ആർഷ്‌ലിയും. അച്ഛനും അമ്മയും മക്കൾ മൂവരും എവിടെയെങ്കിലും പോയാൽ വഴിയിലെല്ലാം കൗതുകക്കണ്ണുകളാണ്. ശ്ശോ, ഇതെന്തൊരു പൊക്കം!

സി.എ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് ആർഷിക്. മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദർശ്. എം.ബി.എ വിദ്യാർത്ഥിനിയാണ് ആർഷ്‌ലി. അച്ഛൻ സന്തോഷ് ജെ. കാപ്പനും ഉയരത്തിൽ മുന്നിലാണ്, ആറടി മൂന്നിഞ്ച്. കൃഷിയാണ് തൊഴിൽ. ഭാര്യ സാലിക്ക് ഉയരം അഞ്ചടി ഏഴിഞ്ച്.

Leave A Reply