മുഖ്യമന്ത്രിയെ കണ്ടതോടെയാണ് സജി ചെറിയാന്റെ രാജി സൂചന പുറത്തേക്ക് പരക്കുന്നത്

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ നിന്ന് ഇറങ്ങി മുഖ്യമന്ത്രിയെ കണ്ടതോടെയാണ് സജി ചെറിയാന്റെ രാജി സൂചന പുറത്തേക്ക് പരക്കുന്നത്. രാജി എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന അഭ്യൂഹം രാവിലെ മുതൽ ശക്തമായിരുന്നു. സി.പി.എം അഖിലേന്ത്യാ നേതൃത്വം തള്ളിപ്പറഞ്ഞതോടെ ഇന്നലെ വൈകിട്ടോ ഇന്ന് രാവിലെയോ രാജി സംഭവിക്കാമെന്നായിരുന്നു സൂചന. എന്നാൽ രാവിലെ എ.കെ.ജി സെന്ററിൽ സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞിറങ്ങിയ സജി,​ രാജി എന്തിന് എന്ന് ചോദിച്ചതോടെ ആശയക്കുഴപ്പമായി.

വൈകിട്ട് നാലിനായിരുന്നു മന്ത്രിസഭായോഗം. രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ സൂചനകളൊന്നും മന്ത്രിസഭായോഗത്തിൽ പ്രകടമായിരുന്നില്ല. സജി ചെറിയാൻ പതിവുപോലെയെത്തി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ എൻട്രി കേഡർ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുൾപ്പെടെ സജിയുടെ വകുപ്പുകളിലെ രണ്ട് അജൻഡകളും യോഗം പാസാക്കി.

മന്ത്രിയുടെ വിവാദപ്രസംഗമൊന്നും ആരും ഉന്നയിച്ചില്ല. മന്ത്രിമാരിൽ പലരും രാജിതീരുമാനം അറിഞ്ഞത് പിന്നീടാണ്. മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സജി ചെറിയാൻ മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തിയത്. ഈ കൂടിക്കാഴ്‌ചയിലാണ് വാർത്താസമ്മേളനം വിളിച്ച് രാജിതീരുമാനം അറിയിക്കാനുള്ള തീരുമാനവുമുണ്ടായത്. അതിനിടെ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവരും സജി ചെറിയാനും തമ്മിലും ആശയവിനിമയമുണ്ടായി.

Leave A Reply