സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ കർശന നിലപാടാണ് രാജി അനിവാര്യമാക്കിയത്

 

ഭരണഘടനയെ അവഹേളിച്ച് പ്രസ്‌താവന നടത്തിയ സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയെ ബാധിക്കുമെന്ന സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ കർശന നിലപാടാണ് രാജി അനിവാര്യമാക്കിയത്. സംസ്ഥാനത്ത് തന്നെ ചർച്ച ചെയ്‌ത് തീരുമാനിച്ചതാണെന്ന തരത്തിലാണ് കേന്ദ്ര നേതൃത്വം പ്രതികരിച്ചത്.

പ്രസ്‌താവന നാക്കുപിഴയാണെന്ന് വിശദീകരിച്ച് വിവാദം മയപ്പെടുത്താനാണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കൾ ആദ്യം ശ്രമിച്ചതെങ്കിലും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലപാട് സ്വീകരിച്ചതാണ് രാജിയിലേക്ക് നയിച്ചത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുന്നുവെന്ന് ആക്ഷേപം ഉന്നയിക്കുന്ന സി.പി.എമ്മിന് സജിചെറിയാന്റെ പ്രസ്‌താവന തിരിച്ചടിയാകുമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനെതിരെ കൂട്ടായ ആക്രമണം നടത്തുന്ന പ്രതിപക്ഷത്ത് സി.പി.എമ്മിനെ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണെന്നും വിലയിരുത്തലുണ്ടായി. ദേശീയ തലത്തിൽ സജിചെറിയാൻ വിഷയം ചർച്ചയായതിനാൽ രാജി വൈകരുതെന്നും സി.പി.എം നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി.

സജി ചെറിയാൻ വിഷയം കേരളത്തിലെ നേതാക്കളുമായി ചർച്ച ചെയ്‌തെന്നും ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചെന്നും സീതാറാം യെച്ചൂരി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാദ പ്രസംഗം നടന്നത് കേരളത്തിലാണ്. അതിനാൽ നടപടിയും അവിടെയാണ് എടുക്കേണ്ടതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Leave A Reply