വിവാദ പ്രസംഗത്തിൽ പുലിവാല് പിടിച്ച് പുറത്തേക്ക് പോയത് ഏക സി.പി.എം പ്രതിനിധി

തിരുവനന്തപുരം: കമ്യൂണിസ്റ്ര് പ്രസ്ഥാനം തീഷ്ണ സമരത്താൽ ഉഴുതുമറിച്ച ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ടാം പിണറായി സർക്കാരിലെ ഏക സി.പി.എം പ്രതിനിധിയാണ് വിവാദ പ്രസംഗത്തിൽ പുലിവാല് പിടിച്ച് പുറത്തേക്ക് പോയത്. സംഘടനാപരമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന സജി ചെറിയാന്റെ രാജി, ആലപ്പുഴ ജില്ലയ്ക്ക് തെല്ലൊരു അമ്പരപ്പുമായി.

അസാധാരണ വേഗമായിരുന്നു പാർലമെന്ററി രംഗത്തുള്ള സജിയുടെ വളർച്ചയ്ക്ക്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടര വർഷത്തോളം മാത്രം സാമാജികനായിരുന്ന സജി, അടുത്ത സർക്കാരിൽ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പിൻഗാമിയായി മന്ത്രി പദവിയിലെത്തി. നിയമസഭയിൽ അതിന്റേതായ തലയെടുപ്പിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതും.

ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട.സ്റ്റാറ്റിസ്റ്രിക്കൽ ഓഫീസർ ടി.ടി.ചെറിയാന്റെയും റിട്ട.പ്രധാനാദ്ധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965ലാണ് ജനനം. എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐയിൽ ആകൃഷ്ടനായി. കാൽ നൂറ്റാണ്ട് കെ.എസ്.യു കുത്തപ്പാട്ടത്തിലാക്കിയിരുന്ന മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി.

തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ വിദ്യാഭ്യാസം. 1980ൽ സി.പി.എം അംഗമായി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. 1995ൽ മുളക്കുഴ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസർവകലാശാല സിൻഡിക്കേറ്റംഗം, സ്‌പോർട്സ് കൗൺസിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2001ൽ പാർട്ടി ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി.

Leave A Reply