കയ്പമംഗലം: കച്ചവടത്തില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ ജ്വല്ലറി ഉടമ അറസ്റ്റിലായി .പെരിഞ്ഞനം മൂന്നുപീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറി ഉടമ മതിലകം തൃപ്പേക്കുളം സ്വദേശി പാമ്ബിനേഴത്ത് വീട്ടില്‍ സലീമി (58) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.2008 ല്‍ ആരംഭിച്ച ജ്വല്ലറിയിലേക്ക് പലരില്‍ നിന്നായി സ്വര്‍ണവും പണവും ഉള്‍പ്പെടെ വന്‍ തുക നിക്ഷേപമായി ഇയാള്‍ സ്വീകരിച്ചിരുന്നു. പണവും, സ്വര്‍ണവും ലാഭവിഹിതമായി നല്‍കാമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ കൃത്യമായി ലാഭവിഹിതം നല്‍കിയിരുന്നെങ്കിലും പിന്നീട് ഒന്നും നിക്ഷേപകര്‍ക്ക് ലഭിക്കാതെയായി. ഇതോടെ നിക്ഷേപിച്ച പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരില്‍ ചിലര്‍ സമീപിച്ചെങ്കിലും ബിസിനസ് നഷ്ടമാണെന്ന് കാണിച്ച് തുക നല്കാന് സലീം തയ്യാറായില്ല.
ഇതിനിടെ 2020 ല്‍ ജ്വല്ലറിയില്‍ മോഷണം നടന്നെന്നും ഭിത്തി തുരന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നെന്നും ഇയാള്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇത് ജ്വല്ലറിയുടമ ചമച്ച കള്ളക്കഥയാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് നിരവധി തവണ പണവും സ്വര്‍ണവും തിരികെ കിട്ടാന്‍ നിക്ഷേപകര്‍ സലീമിനെ സമീപിച്ചെങ്കിലും ജ്വല്ലറിയില്‍ മോഷണം നടന്നെന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്. മലപ്പുറം, തൃശൂര്‍, എറണാംകുളം ജില്ലകളില്‍ നിന്നായി 25 ഓളം പേര് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പ്രവാസികളില്‍ നിന്നടക്കം ആയിരക്കണക്കിന് പവന് സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും ഇയാള്‍ നിക്ഷേപമായി വാങ്ങിയി. വര്‍ഷാന്തം ലാഭവിഹിതം ആവശ്യപ്പെട്ടവരോട്, ആ തുക കൂടി നിക്ഷേപത്തിലേക്ക് ചേര്‍ത്താല്‍ വന്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തു. ഇങ്ങനെ നിരവധി പേരാണ് വഞ്ചനക്കിരയായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐമാരായ കെ.എസ്.സുബീഷ് മോന്, എം.ആര്.കൃഷ്ണപ്രസാദ്, സീനിയര്‍ സി.പി.ഒമാരായ ടി.എം.വഹാബ്, സി.എം.മുഹമ്മദ് റാഫി, പി.കെ.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.