പൊറോട്ടയ്ക്ക് കൂടുതല്‍ വിലയീടാക്കിയെന്നാരോപിച്ച്‌ കാറിലെത്തിയ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

ആറ്റിങ്ങല്‍: പൊറോട്ടയ്ക്ക് കൂടുതല്‍ വിലയീടാക്കിയെന്നാരോപിച്ച്‌ കാറിലെത്തിയ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു.ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങല്‍ മൂന്ന്മുക്ക് ബി.എല്‍.നിവാസില്‍ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ 12.45-നാണ് സംഭവം. കാറിലെത്തിയ അഞ്ചംഗസംഘം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച്‌ പണമടച്ചശേഷം മടങ്ങി. അല്പസമയം കഴിഞ്ഞ് ഈ സംഘം തിരികെ ഹോട്ടലിലെത്തി പൊറോട്ടയ്ക്ക് അമിതവിലയീടാക്കിയെന്നാരോപിച്ച്‌ ഡിജോയിയുമായി വഴക്കുണ്ടാക്കുകയായിരുന്നു .

ഒരു പൊറോട്ടയ്ക്ക്‌ 12 രൂപയാണ്‌ ഇവിടത്തെ വില. തുടര്‍ന്ന് ക്യാഷ്‌കൗണ്ടറിലായിരുന്ന ഡിജോയിയെ സംഘം കടയ്ക്ക് പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി. ഡിജോയി പോലീസിനെ വിളിക്കാനായി ഫോണെടുത്തപ്പോള്‍ കടയ്ക്കുമുന്നില്‍ അടുക്കിവച്ചിരുന്ന പാലിന്റെ ട്രെ എടുത്ത് അക്രമികളിലൊരാള്‍ പിന്നില്‍നിന്നു തലയ്ക്കടിച്ചു.അടികൊണ്ട് നിലത്തുവീണ ഡിജോയിയെ വീണ്ടും മര്‍ദ്ദിച്ചശേഷം സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു . ഹോട്ടല്‍ജീവനക്കാരെത്തിയാണ് ഡിജോയിയെ ആശുപത്രിയിലെത്തിച്ചത്. ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി .

Leave A Reply