കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണത്തിൽ യുവാവ് അറസ്റ്റില്‍

കാസര്‍കോട് : പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണത്തിൽ യുവാവ് അറസ്റ്റില്‍.മുളിയാര്‍ മൂലടുക്കത്തെ ഇര്‍ഷാദി(ഇച്ചാദു-23)നെയാണ് ആദൂര്‍ സി.ഐ. എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ബദിയടുക്ക അര്‍സിപ്പള്ളം സ്വദേശിയായിരുന്ന ഇര്‍ഷാദ് മൂലടുക്കത്തെ ബന്ധുവീട്ടിലാണ് താമസിച്ചുവരുന്നത്. പെണ്‍കുട്ടിയുമായി നവമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയത്തിലായിരുന്നു. 15-കാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് പ്രണയത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന് ശ്രമിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി .

മാര്‍ച്ച്‌ 30-ന് വൈകീട്ട് ആറരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ 13, 14 തീയതികളില്‍ ബോവിക്കാനത്ത് രാപകല്‍ സമരം നടത്തുന്നതിന് തീരുമാനിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Leave A Reply