മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയിൽ കണ്ടെത്തി

നെടുങ്കണ്ടം (ഇടുക്കി) ∙ മോഷണത്തിനു ശേഷം ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4നും 5നും ഇടയിലാണു സംഭവം. ഉടുമ്പൻചോല ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 6,000 രൂപയും ഫ്രിജി‍ൽ സൂക്ഷിച്ചിരുന്ന മാംസവുമാണു മോഷണം പോയത്. ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം മകൾക്കു നൽകാനായി കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചതറിഞ്ഞാണു ജോസഫ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് പറയുന്നത്: കവർച്ചയ്ക്കിടെ ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. പിന്തുടരുന്നതിനിടെ രാജേന്ദ്രനും ജോസഫും തമ്മിൽ മൽപിടിത്തമുണ്ടായി. രാജേന്ദ്രന്റെ കവിളിൽ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളിൽ ജോസഫിനൊപ്പം മറ്റൊരു യുവാവുമുണ്ടായിരുന്നെന്നും ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പരിസരവാസികൾ പറയുന്നു. ജോസഫിനെ 200 മീറ്റർ മാറി മറ്റൊരു വീടിന്റെ പരിസരത്താണു പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികളായ 7 പേരുടെ മൊഴി പൊലീസ് ശേഖരിച്ചു. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി അറിയിച്ചു. എസ്എച്ച്ഒമാരായ ഫിലിപ് സാം, ബി.എസ്.ബിനു എന്നിവർ സ്ഥലത്തെത്തി.

Leave A Reply