‘എന്റെ സങ്കൽപത്തിലുള്ള കാളിദേവി മദ്യം സേവിക്കുന്ന ദേവതായാണ്…’; വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: തന്റെ സങ്കൽപത്തിലുള്ള കാളിദേവി മാസംഭക്ഷിക്കുന്ന, മദ്യം സേവിക്കുന്ന ദേവതായാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കാളിയെ മാംസം ഭക്ഷിക്കുന്ന ദേവതയായി സങ്കൽപ്പിക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ തനിക്ക് എല്ലാ അവകാശമുണ്ടെന്നും മഹുവ പറഞ്ഞു. ലീന മണിമേഖല സംവിധാനം ചെയ്ത ‘കാളി’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. അതേ സമയം മഹുവയുടെ വിവാദ പരാമർശത്തെ തള്ളിക്കൊണ്ടു തൃണമൂൽ കോൺഗ്രസും രംഗത്ത് എത്തി.

ഇന്ത്യ ടുഡേയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മഹുവയുടെ വിവാദ പരാമർശം. ‘ദൈവങ്ങളെ എങ്ങനെ കാണുന്നു എന്നത് വ്യക്തികളുടെ അവകാശമാണ്. ഉദാഹരണത്തിന് നിങ്ങൾ ഭൂട്ടാനിലേക്കോ സിക്കിമിലേക്കോ പോയാൽ, അവിടെ പൂജ ചെയ്യുമ്പോൾ ദൈവത്തിന് വിസ്‌കി പ്രസാദമായി നൽകുന്നു. എന്നാൽ ഉത്തർപ്രദേശിൽ പോയി ദൈവത്തിന് വിസ്‌കി പ്രസാദമായി നൽകുന്നുവെന്ന് പറഞ്ഞാൽ, അത് മതനിന്ദയാണെന്ന് അവർ പറയും’. മഹുവ വ്യക്തമാക്കി.

Leave A Reply