ചെള്ളുപനി; വിദഗ്ധ സംഘം പരിശോധന നടത്തി

മൂവാറ്റുപുഴ: ചെള്ളുപനി സ്ഥിരീകരിച്ച പായിപ്ര തൃക്കളത്തൂരിൽ ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് എത്തിയ വിദഗ്ധ സംഘം പരിശോധന നടത്തി. പ്രദേശത്ത് മരുന്ന് തെളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ബുധനാഴ്ച തുടക്കമാകും. പ്രദേശത്തുനിന്ന് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകും.

ബുധനാഴ്ച മുതൽ രോഗബാധ സ്ഥിരീകരിച്ച സ്ഥലത്ത് പ്രാണികളെ അകറ്റുന്ന മരുന്ന് തളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നേതൃത്വത്തിലാകുമിത്.

ചെള്ളുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ ജാഗ്രത നിർദേശം നൽകുകയും സാനിറ്റൈസേഷനും മറ്റു പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ആരോഗ്യവിഭാഗത്തിൽ ജീവനക്കാർ കുറവായതിനാൽ നിലവിലുള്ളവർ വിശ്രമമില്ലാതെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

ചെള്ളുപനി ബാധിച്ചയാൾ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. വീട്ടിലെ മറ്റംഗങ്ങൾക്കു പ്രദേശത്തുള്ളവർക്കും രോഗം സ്ഥിരീകരിക്കുകയോ, രോഗ ലക്ഷണങ്ങളോ ഇല്ലെന്ന് ജില്ല മെഡിക്കൽ ഓഫിസിൽനിന്നെത്തിയ വിദഗ്ധ സംഘം പറഞ്ഞു.

Leave A Reply