ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം ഈ മാസം 12ന് പ്രധാനമന്ത്രി നിർവഹിക്കും

യു.പിയിൽ 296 കിലോമീറ്റർ നീളമുള്ള ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നടത്തിയത്. 36 മാസം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കേവലം 28 മാസത്തിനുള്ളിൽ പൂർത്തീകരിക്കുകയായിരുന്നു. ജലൗൺ ജില്ലയിലെ കാതേരി ഗ്രാമത്തിലാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.ദ്രുതഗതിയിലുള്ള നിർമ്മാണത്തിന് പുറമേ 1,132 കോടി രൂപ ലാഭിക്കാനും സാധിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിംഗിലൂടെ റോഡ് നിർമ്മാണ കരാർ നൽകിയതിലൂടെയാണ് വൻ തുക ലാഭിക്കാനായത്.

കണക്കാക്കിയ ചെലവിന്റെ 12.72 ശതമാനമാണ് സർക്കാരിന് ഇതിലൂടെ ലാഭിക്കാനായത്. നാലു വരിയിൽ നിർമ്മിച്ച പാത ഭാവിയിൽ ആറുവരിപ്പാതയായി വികസിപ്പിക്കും. യു.പിയിലെ ഏഴ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ 13 ഇന്റർചെയ്ഞ്ച് പോയിന്റുകൾ ഉണ്ട്. ഇറ്റാവയ്ക്ക് സമീപം ഇത് ആഗ്ര ലക്‌നൗ എക്‌സ്‌പ്രസ് വേയുമായി ബന്ധിപ്പിക്കും.സാമൂഹികവും സാമ്പത്തികവുമായ വികസനം ഉൾപ്പെടെ ബുന്ദേൽഖണ്ഡ് മേഖലയുടെ സർവതോമുഖമായ വികസനത്തിനും കൃഷി, ടൂറിസം, വ്യവസായം എന്നീ മേഖലകളിലെ വരുമാനം വർദ്ധിപ്പിക്കാനും പുതിയ അതിവേഗ പാത സഹായിക്കും.

Leave A Reply