പാലോളി ആൾക്കൂട്ട മർദനം; മുഖ്യപ്രതി റിമാൻഡിൽ

ബാലുശ്ശേരി: പാലോളിയിലെ ആൾക്കൂട്ട മർദന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. എസ്.ഡി.പി.ഐ പ്രവർത്തകനായ അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ഡി.വൈ.എഫ്.ഐ പാലോളി യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ കഴിഞ്ഞ മാസം 23ന് പുലർച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ്. മർദനത്തിന് നേതൃത്വം നൽകുകയും തോട്ടിലെ വെള്ളത്തിൽ മുക്കി ഭീഷണിപ്പെടുത്തുകയും ചെയ്തത് സഫീറാണെന്ന് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇതിനുശേഷം ഒരാഴ്ചയായി സഫീർ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കം ഒമ്പത് പേർ റിമാൻഡിലാണ്. ജാതീയ അധിക്ഷേപം, വധശ്രമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Leave A Reply